ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജാമി വാര്‍ഡി വിരമിച്ചു. ദേശീയ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ലസ്റ്ററിന്റെ ഗോളടി യന്ത്രമായ വാര്‍ഡി കളി മതിയാക്കിയത്. മറ്റൊരു ഇംഗ്ലണ്ട് താരമായ ഗാരി കാഹിലും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാര്‍ഡിയുടെ വിരമിക്കല്‍ പ്രഖ്യാപനം. തീരുമാനം വാര്‍ഡി പരിശീലകനായ ഗാരത് സൗത്ത്‌ഗേറ്റിനെ അറിയിച്ചിട്ടുണ്ട്. ലോകകപ്പില്‍ ടീമിലുണ്ടായിരുന്നിട്ടും കളിക്കാനുള്ള അവസരം കുറവായിരുന്നു വാര്‍ഡിക്ക്. നായകനും സ്‌ട്രൈക്കറുമായ ഹാരി കെയ്‌ന്റെ ഉജ്ജ്വല ഫോമും വാര്‍ഡിയ്ക്ക് അവസരം നിഷേധിക്കപ്പെടാന്‍ കാരണമായി. ഇതോടെ കളി നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

യുവതാരങ്ങളെയാണ് പരിശീലകന് വേണ്ടതെന്നും അതുകൊണ്ട് താന്‍ വഴിമാറുകയാണെന്നും വാര്‍ഡി പറഞ്ഞു. ഇനി അദ്ദേഹത്തിന് പുതിയ താരങ്ങളെ ടീമിലെടുക്കുന്നതിന് പ്രശ്‌നങ്ങളുണ്ടാകില്ലെന്നും താരം പറയുന്നു. അതേസമയം അവസരം നിഷേധിക്കപ്പെട്ടതിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു വാര്‍ഡി.

ടീമിലെടുക്കുമ്പോള്‍ ബെഞ്ചിലിരിക്കാന്‍ ആരും ആഗ്രഹിക്കില്ലെന്നും കളിക്കാനാണ് ഇഷ്ടപ്പെടുകയെന്നും അതിന് സാധിച്ചില്ലെങ്കില്‍ വീട്ടിലേക്ക് പോവുക എന്നതാണ് തന്റെ നിലപാടെന്നും താരം വ്യക്തമാക്കി. ലെസ്റ്റര്‍ സിറ്റിയുടെ താരമായ വാര്‍ഡിയുടെ കാലുകളായിരുന്നു അവരുടെ ഇതിഹാസമായ കിരീട നേട്ടത്തിന്റെ കരുത്ത്. ഇനി ക്ലബ്ബിന് വേണ്ടി കളിക്കുന്നതിലായിരിക്കും കൂടുതല്‍ ശ്രദ്ധയെന്നും താരം വ്യക്തമാക്കി.

2015 ലായിരുന്നു വാര്‍ഡി ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറിയത്. 26 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളാണ് സമ്പാദ്യം. എന്നാല്‍ ടീം വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും മടങ്ങി വരാന്‍ തയ്യാറാണെന്നും തല്‍ക്കാലത്തേക്ക് മാറി നില്‍ക്കുകയാണെന്നുമാണ് ഗാരി കാഹില്‍ പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ