ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്ന് കറുത്ത ദിനമായിരുന്നു. എവർട്ടൺ Vs വെസ്ബ്രോം മൽസരത്തിനിടെയായിരുന്നു കാഴ്ചക്കാരുടെ നെഞ്ച് തകർക്കുന്ന രംഗങ്ങൾ അരങ്ങേറിയത്. എവർട്ടൺ താരം ജെയിംസ് മാക്കാർത്തിക്കേറ്റ പരുക്കാണ് കാണികളെയും എതിർ താരങ്ങളെയും കണ്ണീരിൽ ആഴ്ത്തിയത്. വെസ്ബ്രോം താരം സലോമൺ റൊൺഡോണിന്റെ കിക്കിൽ ജയിംസ് മക്കാർത്തിയുടെ വലതുകാൽ ഒടിഞ്ഞ് തൂങ്ങുകയായിരുന്നു.
എവർട്ടണിന്റെ തട്ടകമായ ഗുഡിസൺ പാർക്കിൽ നടന്ന മൽസരത്തിലാണ് ജയിംസ് മക്കാർത്തിക്ക് പരുക്കേറ്റത്. മൽസരത്തിന്റെ അറുപതാം മിനിറ്റിലാണ് സംഭവം. എവർട്ടൺ ഗോൾമുഖത്തേക്ക് സലോമൺ റൊൺഡോൺ ഷോട്ട് ഉതിർക്കുമ്പോഴായിരുന്നു സംഭവം.
റൊൺഡോണിന്റെ ഷോട്ട് തടയാൻ പിന്നിൽ നിന്ന് എത്തിയ മക്കാർത്തി വലങ്കാല് കൊണ്ട് ടാക്കിൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. റൊൺഡോണിന്റെ കിക്ക് ബോളിൽ കൊള്ളാതെ മക്കാർത്തിയുടെ വലത് കാലിലാണ് കൊണ്ടത്. കിക്കിന്രെ ആഘാതത്തിൽ മക്കാർത്തിയുടെ കാൽ രണ്ടായി ഒടിയുകയായിരുന്നു.
മക്കാർത്തിക്ക് ഗുരുതരമായി പരുക്കേറ്റെന്ന് മനസ്സിലാക്കിയ താരങ്ങൾ അലറി വിളിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉടൻ മെഡിക്കൽ സ്റ്റാഫുകൾ മക്കാർത്തിയുടെ അടുത്തേക്ക് എത്തുകയും താരത്തിന് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ സ്ട്രച്ചറിൽ എടുത്ത് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. ഉടൻ ആംബുൻസിൽ താരത്തെ ആശുപത്രിയിലേക്ക് മാറ്റി അടിയന്ത്രര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.
മക്കാർത്തിക്ക് ഗുരുതരമായി പരുക്കേറ്റെന്ന് മനസ്സിലായ വെസ്ബ്രോം താരം സലോമൺ റൊൺഡോൺ മൈതാനത്ത് നിന്ന് പൊട്ടിക്കരയുകയും ചെയ്തു. സഹതാരങ്ങളും പരിശീലകരും ഏറെ പണിപ്പെട്ടാണ് റൊൺഡോണെ ആശ്വസിപ്പിച്ചത്. ഏറെ നാളായി പരുക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു മക്കാർത്തി. പുതിയ പരിശീലകനായ സാം ആലഡൈസിന്റെ കീഴിൽ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ മക്കാർത്തി ഫോമിലേക്ക് മടങ്ങി എത്തുമ്പോഴായിരുന്നു താരത്തിന് ഗുരുതരമായി പരുക്കേറ്റത്.
ഐർലൻഡ് ദേശീയ ടീമിലെ സ്ഥിരാംഗമാണ് ജെയിംസ് മക്കാർത്തി. പരുക്ക് ഗുരുതരമായതിനാൽ മക്കാർത്തിക്ക് ഫിഫ ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പാണ്.