സ്വവർഗാനുരാഗിയാണ് താനെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ജെയിംസ് ഫോക്‌നർ. ഇൻസ്റ്റഗ്രാമിലെ തന്റെ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഫോക്‌നർ പറഞ്ഞു.

ജെയിംസ് ഫോക്‌നർ തന്റെ 29-ാമത് ജന്മദിനത്തിൽ ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ ഷെയർ ചെയ്തിരുന്നു. തന്റെ സുഹൃത്ത് റോബ് ജുബ്ബിനും അമ്മ റോസ്‌ലിൻ കരോൾ ഫോക്‌നറിനും ഒപ്പമുളള ചിത്രമാണ് പങ്കുവച്ചത്. ”ബോയ്ഫ്രണ്ടിനും അമ്മയ്ക്കുമൊപ്പം ബെർത്ത്ഡേ ഡിന്നർ,” ഇതായിരുന്നു ഫോക്‌നർ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ജുബ്ബും ഞാനും ഒരുമിച്ചിട്ട് 5 വർഷം എന്ന ഹാഷ്‌ടാഗും ഒപ്പം നൽകി.

‘പിറന്നാൾ ആശംസകൾ വലിയ ധൈര്യം തന്നെ’ എന്നായിരുന്നു ഫോക്‌നറുടെ ഫോട്ടോയ്ക്ക് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ നൽകിയ കമന്റ്. ‘നിനക്ക് വലിയ ധൈര്യമാണ്, ഇപ്പോൾ നിനക്ക് കുറച്ചുകൂടി സന്തോഷം തോന്നുന്നില്ലേ’ എന്നായിരുന്നു മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ ഷോൺ ടെയ്റ്റ് കമന്റ് ചെയ്തത്. ഇതിനുപിന്നാലെ ഫോക്‌നർ സ്വവവർഗാനുരാഗിയാണെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിനെ അടിസ്ഥാനമാക്കി വാർത്തകളും വന്നു. ഇതോടെയാണ് ഫോക്‌നർ ഇൻസ്റ്റഗ്രാമിൽ വിശദീകരണ കുറിപ്പിട്ടത്.

ഞാനും ജുബ്ബും നല്ല സുഹൃത്തുക്കളാണെന്നും അഞ്ചു വർഷമായി ഞങ്ങൾ ഹൗസ്മേറ്റ്സ് ആണെന്നുമായിരുന്നു കുറിപ്പ്. ”എന്റെ പോസ്റ്റിനെ ചിലർ തെറ്റിദ്ധരിച്ചു. ഞാനൊരു സ്വവർഗാനുരാഗിയല്ല. എന്‍റെ പോസ്റ്റിന് താഴെ നിരവധിപേര്‍ എല്‍ജിബിടി അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് കമന്റ് ചെയ്തു. ഇത് സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ ജുബ്ബും ഞാനും നല്ല സുഹൃത്തുക്കൾ മാത്രമാണ്. ഒരുമിച്ചിട്ട് 5 വർഷം എന്ന ഹാഷ്‌ടാഗ് ഇട്ടത് ഞങ്ങൾ ഹൗസ്മേറ്റ്സ് ആയിട്ട് 5 വർഷം എന്നത് സൂചിപ്പിക്കാൻ വേണ്ടിയായിരുന്നു,” ഫോക്‌നർ ഇൻസ്റ്റഗ്രാമിൽ എഴുതി.

രാജ്യാന്തര ക്രിക്കറ്റിൽ സ്വവർഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ ഒരേയൊരു കളിക്കാരനേയുളളൂ, ഇംഗ്ലണ്ട് താരം സ്റ്റീവൻ ഡേവിസ്. 2011 ൽ ഒരു അഭിമുഖത്തിലാണ് താൻ സ്വവർഗാനുരാഗിയാണെന്ന് ഡേവിസ് തുറന്നു പറഞ്ഞത്. അതേസമയം, ക്രിക്കറ്റ് ലോകത്തെ മൊത്തത്തിലെടുത്താൽ മൂന്നുപേരാണ് സ്വർഗാനുരാഗികളാണെന്ന് പറഞ്ഞിട്ടുളളത്, ഡേവിസ്, ജോർജ് സെസിൽ, അലൻ ഹാൻസ്ഫോർഡ്.

ഓസ്ട്രേലിയയ്ക്കായി ഒരു ടെസ്റ്റും 69 ഏകദിനങ്ങളും 24 ടി 20 മത്സരങ്ങളും കളിച്ചിട്ടുളള കളിക്കാരനാണ് ഫോക്‌നർ. 2015 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ ന്യൂസിലൻഡിനെ 7 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. കളിയിൽ മാൻ ഓഫ് ദി മാച്ച് ആയത് ഫോക്‌നർ ആയിരുന്നു. 2017 ഒക്ടോബറിലാണ് രാജ്യത്തിനുവേണ്ടി അദ്ദേഹം അവസാനം കളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook