എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്കെതിരെ നേടിയ ആദ്യ ടെസ്റ്റ് മൽസരം വിജയിച്ച ഇംഗ്ലണ്ട് ടീം അടുത്ത മൽസരത്തിനുളള ഒരുക്കത്തിലാണ്. രണ്ടാം മൽസരത്തിനു മുൻപായുളള ദിവസങ്ങൾ ആഘോഷമാക്കാനുളള ശ്രമത്തിലാണ് ഇംഗ്ലണ്ട് താരങ്ങൾ. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ സഹതാരം സ്റ്റുവർട്ട് ബോഡിനൊപ്പം ഗോൾഫ് കളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഗോൾഫ് കളിക്കാൻ പോയ ആൻഡേഴ്സൺ പരുക്കോടെയാണ് മടങ്ങിയത്. ക്ലബ് ഉപയോഗിച്ച് പന്ത് അടിച്ചു ഉയർത്തവേ പന്ത് അടുത്തുളള മരത്തിൽ തട്ടി ആൻഡേഴ്സണിന്റെ മുഖത്ത് കൊള്ളുകയായിരുന്നു. സ്റ്റുവർട്ട് ബോഡ് ട്വിറ്ററിൽ ഇതിന്റെ വീഡിയോ ഷെയർ ചെയ്തിരുന്നു.

വീഡിയോ കണ്ട ആരാധകർ ആൻഡേഴ്സണിന് വല്ലതും പറ്റിയോ എന്നായിരുന്നു തിരക്കിയത്. ആൻഡേഴ്സണിന്റെ പരുക്ക് ഗുരുതരമുളളതല്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നുമാണ് സ്റ്റുവർട്ട് പിന്നീട് ട്വീറ്റ് ചെയ്തത്. ബ്രിട്ടീഷ് മീഡിയ റിപ്പോർട്ട് അനുസരിച്ച് ബെക്കിങ്ഹാംഷെയറിലെ സ്വിഷ് 27-ഹോൾ സ്റ്റോക് പാർക്ക് ഗോൾഫ് കോഴ്സിലാണ് ഇരു താരങ്ങളും ഗോൾഫ് കളിച്ചത്.

ഇന്ത്യയ്ക്കെതിരായ ആദ്യ മൽസരത്തിൽ രണ്ടു ഇന്നിങ്സിൽനിന്നായി 4 വിക്കറ്റാണ് ആൻഡേഴ്സൺ വീഴ്ത്തിയത്. അഞ്ചു മൽസരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 31 റൺസിനാണ് ആദ്യ മൽസരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്.

ഓഗസ്റ്റ് 9 ന് ലോർഡ്സിലാണ് രണ്ടാം ടെസ്റ്റ്. അതേസമയം, രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റുകൾ പിഴുത സൂപ്പര്‍താരം ബെന്‍ സ്റ്റോക്സ് ഉണ്ടാകില്ല. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ നായകന്‍ വിരാട് കോഹ്‌ലിയുടേതടക്കം നാല് വിക്കറ്റുകള്‍ നേടിയ സ്‌റ്റോക്സാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ബാറിന് പുറത്ത് വച്ച് അടിയുണ്ടാക്കിയ സംഭവമാണ് ഇംഗ്ലണ്ടിനും സ്റ്റോക്‌സിനും ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഓഗസ്റ്റ് ആറാം തീയതി മുതലാണ് കേസില്‍ വാദം കേള്‍ക്കുക. അതേസമയം, സ്‌റ്റോക്‌സിന് പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇംഗ്ലണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook