മുംബൈ: മധ്യപ്രദേശില്‍ നിന്നും കേരളത്തിലെത്തി ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജലജ് സക്‌സേന. ദുലീപ് ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കുന്ന ജലജ് നിര്‍ണ്ണായക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.ഫസ്റ്റ് ക്ലാസില്‍ 6000 റണ്‍സും 300 വിക്കറ്റും സ്വന്തമാക്കുന്ന 19-ാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് സക്‌സേന.

സക്‌സേനയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ 18 പേരും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളവരാണ്. ഇതോടെ 6000 റണ്‍സും 300 വിക്കറ്റും നേടുന്ന ആദ്യ അണ്‍ ക്യാപ്പ്ഡ് താരമായി സക്‌സേന മാറി.

സികെ നായിഡു, ലാല അമര്‍നാഥ്, വിജയ് ഹസാരെ, വിനൂ മങ്കാഡ്, ചന്ദു സാര്‍വതെ, പോളി ഉമ്രിഗര്‍, ബാപ്പു നദ്കര്‍നി, ചന്ദു ബോര്‍ഡെ, എംഎല്‍ ജെയ്‌സിംഹ, സലീം ദുരാനി, എസ് വെങ്കിട്ടരാഘവന്‍, എസ് ആബിദ് അലി, മദന്‍ ലാല്‍, കപില്‍ ദേവ്, രവി ശാസ്ത്രി, മനോജ് പ്രഭാകര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

2016-17 സീസണിലാണ് സക്‌സേന മധ്യപ്രദേശില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്. 32 കാരനായ താരം ദുലീപ് ട്രോഫിയിലും ഇന്ത്യ എ ടീമിലും കളിച്ചിട്ടുണ്ട്. പക്ഷെ താരത്തിന് ഇതുവരേയും ഇന്ത്യന്‍ ടീമിലെത്താന്‍ സാധിച്ചിട്ടില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിലവില്‍ 305 വിക്കറ്റുകളും 6044 റണ്‍സുമാണ് സക്‌സേനയുടെ പേരിലുള്ളത്. ഐപിഎല്ലില്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് സക്‌സേന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook