കൊല്‍ക്കത്ത: ജലജ് സക്‌സേനയുടെ സെഞ്ചുറിയുടെ കരുത്തില്‍ ബംഗാളിനെതിരെ കേരളത്തിന് മികച്ച ലീഡ്. സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണ് സക്‌സേന നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തിട്ടുണ്ട്. 180 പന്തില്‍ നിന്നും 138 റണ്‍സുമായി ജലജ് സക്‌സന ക്രീസിലുണ്ട്. ഒരു ഘട്ടത്തില്‍ വീണു പോകുമെന്ന് തോന്നിച്ച കേരളത്തെ സക്‌സേനയാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.

കേരളത്തിനായി 39 റണ്‍സെടുത്ത ജഗദീഷാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. നായകന്‍ സച്ചിന്‍ ബേബി 38 പന്തില്‍ നിന്നും 23 റണ്‍സ് നേടി പുറത്തായി. സഞ്ജു സാംസണ്‍ റണ്‍സൊന്നും എടുക്കാതെ മടങ്ങി. നാല് റണ്‍സുമായി അക്ഷയ് ചന്ദ്രനും സക്‌സേനയുമാണ് ക്രീസിലുള്ളത്. കേരളത്തിന് 100 റണ്‍സിന്റെ ലീഡുണ്ട്. ബംഗാളിനായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

ഇന്നലെ ബംഗാളിനെ 147 റണ്‍സിന് പുറത്താക്കിയിരുന്നു കേരളം. പേസര്‍ ബേസില്‍ തമ്പിയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാളിന്റെ നട്ടല്ലൊടിച്ചത്. തമ്പി നാല് വിക്കറ്റ് നേടി. നിതീഷ് എംഡി മൂന്നും സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും നേടി. ജലജ് സക്സേനയും ഒരു വിക്കറ്റ് നേടി.

53 റണ്‍സെടുത്ത അനുസ്തൂപ് മജുന്ദാര്‍ ആണ് ബംഗാള്‍ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ അഭിഷേക് കുമാര്‍ രമണ്‍ 40 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 22 റണ്‍സ് മാത്രം നേടി പുറത്തായത് ബംഗാളിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി മാറി. മധ്യനിരയില്‍ 13 റണ്‍സുമായി പുറത്തായ വിവേക് സിങ്ങിന് പിന്നാലെ വന്നവരാരും രണ്ടക്കം കണ്ടില്ല. അഞ്ച് പേരാണ് അക്കൗണ്ട് തുറക്കും മുമ്പു തന്നെ മൈതാനം വിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ