രാജ്‌കോട്ട്: തിരിച്ചുവരവില്‍ അടിമുടി ഫോമിലാണ് രവീന്ദ്ര ജഡേജ. ബാറ്റു കൊണ്ടും ബോളു കൊണ്ടും മാത്രമല്ല ഫീല്‍ഡിലും നിറഞ്ഞാടുകയാണ് ജഡേജ. കംപ്ലീറ്റ് ഓള്‍ റൗണ്ടര്‍ എന്നതിന്റെ പര്യായമായി മാറുന്ന പ്രകടനമാണ് ജഡേജ പുറത്തെടുക്കുന്നത്. ഇന്ന് തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ ജഡേജ പന്തുകൊണ്ടും തിളങ്ങി. എന്നാല്‍ ഇന്ത്യയുടെ ബൗളിങില്‍ കളി കണ്ടവരെല്ലാം ഓര്‍ത്തു വെക്കുക ജഡേജ നടത്തിയ സ്റ്റമ്പിങ്ങായിരിക്കും.

സ്വന്തം ഗ്രൗണ്ടില്‍ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയതിന് പിന്നാലെ ഫീല്‍ഡിംഗിനിടെ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഷിമ്‌റോണ്‍ ഹെറ്റ്‌മെറിനെ ജഡേജ റണ്ണൗട്ടാക്കിയത് കണ്ട് ആരാധകര്‍ മാത്രമല്ല ഇന്ത്യന്‍ താരങ്ങളും അന്തം വിട്ടു. വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു നാടകീയമായ സംഭവം.

മിഡ് വിക്കറ്റിലേക്ക് പന്ത് തട്ടിയിട്ട ഹെറ്റ്‌മെര്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള സുനില്‍ ആംബ്രിസിനെ റണ്ണിനായി വിളിച്ചു. എന്നാല്‍ പന്ത് നേരെ ചെന്നത് ജഡേജയുടെ കൈകകളിലായിരുന്നു. ഇതിനിടെ റണ്ണെടുക്കുന്നതിലെ ആശയക്കുഴപ്പം ഹെറ്റ്‌മെറും ആംബ്രിസും ഒരേസമയം ബാറ്റിംംഗ് ക്രീസിലെത്തി. റണ്ണൗട്ടാക്കാനായി മിഡ് വിക്കറ്റില്‍ നിന്ന് വിക്കറ്റിനടുത്തേക്ക് ജഡേജ ഓടിയെത്തുന്നതിനിടെ ഹെറ്റ്‌മെര്‍ വീണ്ടും തിരിച്ച് ഓടി. ഹെറ്റ്‌മെറിനെ കളിയാക്കി അടിവെച്ച് അടിവെച്ച് ക്രീസിനടുത്തെത്തിയ ജഡേജ ക്രീസിന് തൊട്ടടുത്തുവെച്ച് പന്ത് വിക്കറ്റിലേക്ക് എറിഞ്ഞു. ഹിറ്റ്‌മെര്‍ റണ്ണൗട്ടാവുകയും ചെയ്തു.

എന്നാല്‍ ജഡേജയുടെ നാടകം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് അത്ര പിടിച്ചില്ല. തന്റെ അതൃപ്തി വിരാട് രേഖപ്പെടുത്തി. ഇതിനും ചിരിച്ചുകൊണ്ടായിരുന്നു ജഡേജയുടെ പ്രതികരണം. പന്തെറിഞ്ഞ അശ്വിനും അതൃപ്തിയുണ്ടായിരുന്നു. പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ ചിരിച്ചു കൊണ്ട് കോഹ്ലിയും അശ്വിനും വിക്കറ്റ് ആഘോഷത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ജഡേജയുടെ ത്രോ അല്‍പം പിഴച്ചിരുന്നെങ്കില്‍ ഹിറ്റ്‌മെര്‍ ക്രീസിലെത്തിയേനെ. അനായാസ റണ്ണൗട്ടിനെ തമാശയാക്കിയ ജഡേജയുടെ നീക്കമാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്.

ഇന്ത്യയുയര്‍ത്തിയ പടുകൂറ്റന്‍ റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ വിന്‍ഡീസിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. 94 റണ്‍സ് മാത്രമാണ് വിന്‍ഡീസ് താരങ്ങള്‍ സമ്പാദിച്ചത്. 555 റണ്‍സിന് പിന്നിലാണ് വിന്‍ഡീസ്.

38 പന്ത് ബാറ്റ് ചെയ്ത് 27 റണ്‍സെടുത്ത റോസ്റ്റന്‍ ചെയ്‌സാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. ചെയ്‌സും കീമോ പോളുമാണ് ക്രീസിലുള്ളത്. പോള്‍ 13 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം ആരംഭത്തില്‍ തന്നെ വിന്‍ഡീസിനെ പുറത്താക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഓപ്പണര്‍മാരായ ബ്രാത്വെയ്റ്റിന്റേയും കൈറണ്‍ പവല്ലിനേയുമാണ് ഷമി പുറത്താക്കിയത്. അശ്വിനും കുല്‍ദീപും ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രവീന്ദ്ര ജഡേജ കൂടി സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 600 കടക്കുകയായിരുന്നു. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തു. 100 റണ്‍സുമായി രവീന്ദ്ര ജഡേജയും 2 റണ്‍സുമായി മുഹമ്മദ് ഷമിയും ക്രീസില്‍ നില്‍ക്കെയാണ് കോഹ്ലി ഇരുവരെയും മടക്കി വിളിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook