മുംബൈ: പെര്‍ത്ത് ടെസ്റ്റില്‍ നിന്നും ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയ സംഭവം ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രിയെ വെട്ടിലാക്കിയിരിക്കുകയാണ്. ജഡേജയുടെ തോളിന് പരുക്കായിരുന്നുവെന്നായിരുന്നു ശാസ്ത്രിയുടെ വാദം. എന്നാല്‍ ആ വാദം പൊള്ളയാണെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. ജഡേജയുടെ പരുക്ക് സംബന്ധിച്ച് ബിസിസിഐ വിശദീകരണം നടത്തിയതിന് പിന്നാലെ സൗരാഷ്ട്രയുടെ പരിശീലകനും രംഗത്തെത്തിയിരിക്കുകയാണ്.
സൗരാഷ്ട്രയ്ക്കായി രഞ്ജി കളിക്കുന്ന സമയത്ത് ജഡേജയ്ക്ക് യാതൊരു വിധ പരുക്കുമില്ലായിരുന്നുവെന്നാണ് സൗരാഷ്ട്രയുടെ പരിശീലകനായ സിതാന്‍ഷു കോട്ടക്കിന്റെ വെളിപ്പെടുത്തല്‍. സൗരാഷ്ട്രയ്ക്കായി റെയില്‍വേസിനെതിരെയാണ് ജഡേജ ഇറങ്ങിയത്. ഈ മത്സരത്തില്‍ നിര്‍ണായക പ്രകടനവും ജഡേജ പുറത്തെടുത്തിരുന്നു. 332 പന്തില്‍ നിന്നും 178 റണ്‍സ് ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സില്‍ 48 റണ്‍സും നേടിയ ജഡേജ ഏഴ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
”അവന് സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഫിറ്റ്നസ് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ചെറിയ പ്രശ്നം പോലുമില്ലായിരുന്നു. പരുക്കുണ്ടായിരുന്നുവെങ്കില് രഞ്ജി കളിക്കില്ലായിരുന്നു. അല്ലെങ്കില്‍ ഞങ്ങളോട് പറയുകയെങ്കിലും ചെയ്തേനെ” കോട്ടക് പറഞ്ഞു. മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് ജഡേജ ക്യാമ്പിലെത്തിയതെന്നും പരിശീലനത്തിലും പങ്കെടുത്തിരുന്നതായി അദ്ദേഹം പറയുന്നു.
തോളിന് പരുക്കുണ്ടായിരുന്നുവെങ്കില് ഏങ്ങനെ അത്രയും ഓവറുകള്‍ പന്തെറിയാനാകുമെന്നും എങ്ങനെ സെഞ്ചുറി നേടാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു. പരുക്കായതിനാലാണ് ജഡേജയെ ടീമിലുള്‍പ്പെടുത്താതിരുന്നത് എന്നായിരുന്നു രവി ശാസ്ത്രിയുടെ വാദം. ജഡേജ 70 ശതമാനം മാത്രമേ ഫിറ്റ് ആയിരുന്നുള്ളൂവെന്നും റിസ്ക് എടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും പറഞ്ഞാണ് ശാസ്ത്രി തന്റെ ഭാഗം ന്യായീകരിച്ചത്.
ജഡേജ രഞ്ജിക്കു മുമ്പു തന്നെ പരുക്കിനുള്ള ചികിത്സ തേടിയിരുന്നുവെന്നും എന്നാല്‍ ഓസ്ട്രേലിയയിലെത്തിയപ്പോള്‍ പരുക്ക് വീണ്ടും പിടി കൂടുകയായിരുന്നുവെന്നുമായിരുന്നു സംഭവത്തില്‍ ബിസിസിഐയുടെ വിശദീകരണം. റിസ്ക് എടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് താരത്തിന് വിശ്രമം നല്കാന് തീരുമാനിച്ചതെന്നും ബിസിസിഐ പറഞ്ഞു. അതേസമയം, മൂന്നാം ടെസ്റ്റിന് ജഡേജയുണ്ടാകുമെന്നും ബിസിസിഐ അറിയിച്ചു.