അഡ്‍ലെയ്ഡിലെ വിജയം പെർത്തിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ നിന്ന് രണ്ട് മാറ്റമാണ് ഇന്ത്യൻ ടീമിൽ വരുത്തിയിരിക്കുന്നത്. ടീമിലെ ഏക സ്പിന്നർ ആർ അശ്വിന്റെ അഭാവമാണ് ഇതിൽ പ്രധാനം. പരിക്കുമൂലം പുറത്തിരിക്കുന്ന അശ്വിന് പകരം ജഡേജ ടീമിലിടം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ജഡേജയ്ക്ക് പകരം നാല് പേസർമാരെ ഉൾപ്പെടുത്താനായിരുന്നു ഇന്ത്യൻ ടീമിന്റെ തീരുമാനം.

ഈ തീരുമാനത്തിനെതിരെയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ രംഗത്തെത്തിയിരിക്കുന്നത്. ജഡേജയെ കളിപ്പിക്കാത്തതിലൂടെ ഇന്ത്യക്ക് തെറ്റുപറ്റിയെന്ന് മൈക്കിൾ വോൺ ട്വിറ്ററിൽ കുറിച്ചു. ബോളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും അത് പ്രതികൂലമായി ബാധിക്കുമെന്ന് വോൺ മുന്നറിയിപ്പ് നൽകുന്നു.

“ജഡേജയെ കളിപ്പിക്കാത്തതിലൂടെ ഇന്ത്യക്ക് വലിയ തെറ്റ് പറ്റിയെന്നുവേണം കരുതാൻ. ബോളിങ്ങിൽ മാത്രമല്ല എട്ടാം നമ്പറിലും. ഇന്ത്യയുടെ വാൽ നീണ്ടുപോയിരിക്കുന്നു. ഓസിസ് വിജയിക്കും,” മൈക്കിൾ വോൺ ട്വിറ്ററിൽ കുറിച്ചു.

അശ്വിന് പകരം ഉമഷ് യാദവാണ് ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മത്സരത്തിൽ കളിച്ച മൂന്ന് പേസർമാർ ഉൾപ്പടെ ഇന്ത്യൻ ടീമിലെ പേസർമാരുടെ എണ്ണം നാലായി. പാർട്ട് ടൈം ബോളറായി ഹനുമ വിഹാരി ടീമിലുണ്ടെങ്കിലും ഒരു സ്പിന്നറുടെ ഒഴിവ് നികത്താൻ അത് പോര എന്ന വിലയിരുത്തലാണുള്ളത്.

ഓസീസ് മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായാണ് കളിക്കുന്നത്. അതും വാലറ്റത്ത് ബാറ്റ് വീശാൻ കഴിവുള്ളവരും. ഇന്ത്യൻ നിരയിലാകട്ടെ എല്ലാവരും സ്പെഷ്യലൈസ്ഡ് ബോളർമാരും. അതുകൊണ്ട് തന്നെയാണ് ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് കനത്ത വെല്ലുവിളിയാകുമെന്ന് കരുതുന്നത്.

പെർത്തിൽ ഓപ്പണിങ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കത്തിന്റെ കരുത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ ഓസീസ് സ്കോർ 299-6 എന്ന നിലയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ