സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അവസാന ദിനമാണ് നാളെ. ജയിക്കാൻ ഓസീസും തോൽക്കാതിരിക്കാൻ ഇന്ത്യയും പടിച്ച പണി പതിനെട്ടും പയറ്റും. ഇന്ത്യയ്‌ക്ക് അവശേഷിക്കുന്നത് എട്ട് വിക്കറ്റുകൾ കൂടി. സിഡ്‌നി ടെസ്റ്റിൽ വിജയലക്ഷ്യമായ 407 റൺസ് പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ അവസാന ദിനം 309 റണ്‍സ് നേടണം ഇന്ത്യയ്‌ക്ക്. സിഡ്‌നിയിലെ പിച്ചിൽ പിടിച്ചുനിൽക്കുക ഇന്ത്യയെ സംബന്ധിച്ചിടുത്തോളം വലിയ വെല്ലുവിളിയാണ്. അതിലും വലിയ വെല്ലുവിളിയാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്‌ക്ക് പരുക്കേറ്റത്.

ബാറ്റിങ്ങിനിടെ കെെ വിരലിനാണ് ജഡേജയ്‌ക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമാണ്. പരുക്കിനെ തുടർന്ന് ജഡേജ ബൗളിങ്ങിനോ ഫീൽഡിങ്ങിനോ എത്തിയില്ല. രണ്ടാം ഇന്നിങ്‌സിൽ ജഡേജയ്‌ക്ക് ബാറ്റ് ചെയ്യാനും സാധിക്കില്ലെന്നായിരുന്നു നേരത്തെ റിപ്പോർട്ട്. എന്നാൽ, മൂന്നാം ടെസ്റ്റിന്റെ അവസാന ദിനമായ നാളെ ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്. അടിയന്തര സാഹചര്യം വന്നാൽ ജഡേജ ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്യും. വേദനസംഹാരി കുത്തിവയ്‌ച്ച് ജഡേജയെ ബാറ്റിങ്ങിനിറക്കാനാണ് ആലോചന നടക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ ഇത് ചെയ്യൂ. ഏഴാം നമ്പറിലാണ് ജഡേജ ബാറ്റ് ചെയ്യാനെത്തേണ്ടത്.

Read Also: റൗഡിസത്തിന്റെ അങ്ങേയറ്റം, ഇത് അംഗീകരിക്കാൻ സാധിക്കില്ല; ചൂടായി കോഹ്‌ലി, രൂക്ഷ പ്രതികരണം

അതേസമയം, ജഡേജയ്‌ക്ക് നാല് മുതൽ ആറ് ആഴ്‌ച വരെ വിശ്രമം വേണ്ടിവരും. ഫെബ്രുവരിയിൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം നടക്കേണ്ടതാണ്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ആദ്യം. ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് മത്സരം. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ജഡേജയ്‌ക്ക് നഷ്ടമാകും.

മിച്ചൽ സ്റ്റാർക്കിന്റെ ബൗൺസർ കൊണ്ടാണ് ജഡേജയുടെ വിരലിന് പരുക്കേറ്റത്. വിരലിന് ചിന്നലുണ്ടെന്ന് സ്‌കാൻ ചെയ്തപ്പോൾ വ്യക്തമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook