ന്യൂഡല്‍ഹി: ഏകദേശം ഒരു മാസം മുന്‍പാണ് ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നതായുള്ള സൂചനകള്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് നല്‍കിയത്. ഇപ്പോഴിതാ വീണ്ടുമൊരു സൂചനയുമായി എത്തിയിരിക്കുകയാണ് യുവി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ രണ്ടാം ഇന്നിങ്സ് തുടങ്ങാന്‍ സമയമായി എന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
“ഈ വര്‍ഷത്തിലെ ആ സമയമാണിത്. നിങ്ങൾ തയ്യാറാണോ? അതിനാവശ്യമായത് നിങ്ങളുടെ പക്കലുണ്ടോ? നിങ്ങൾക്കെല്ലാവർക്കും ഒരു വലിയ സർപ്രൈസ് എന്റെ പക്കലുണ്ട്. കാത്തിരിക്കൂ,” യുവരാജ് ട്വിറ്ററില്‍ കുറിച്ചു.
22 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് യുവരാജ് പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ക്രിക്കറ്റ് കരിയറിലെ ചില സുപ്രധാന നിമിഷങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2007 ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഓവറില്‍ നേടിയ ആറ് സിക്സുകളാണ് എടുത്ത് പറയുന്നത്.
നവംബറിലായിരുന്നു ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് യുവരാജ് ആദ്യ സൂചനകള്‍ നല്‍കിയത്. “ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. പൊതുവായുള്ള ആവശ്യപ്രകാരം ഫെബ്രുവരിയിൽ കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തിരച്ചു വരവിന്റെ അത്രയും ഉണര്‍വ് നല്‍കുന്ന ഒന്നില്ല. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഇത് എനിക്ക് വളരെയധികം വിലപ്പെട്ടതാണ്. ഇന്ത്യയെ പിന്തുണയ്ക്കുക. യഥാര്‍ത്ഥ ആരാധകര്‍ മോശം സമയങ്ങളിലും ടീമിനൊപ്പം ഉണ്ടാകും,” യുവരാജിന്റെ അന്നത്തെ വാക്കുകള്‍.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയശില്‍പ്പികളില്‍ ഒരാളായാണ് യുവരാജിന് കണക്കാക്കുന്നത്. 2019 ലാണ് താരം ക്രിക്കറ്റിനോട് വിട പറഞ്ഞത്. 18 വര്‍ഷത്തെ ഐതിഹാസിക കരിയറിനായിരുന്നു അന്ന് അവസാനം കുറിച്ചത്. 2011 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ യുവിയെയായിരുന്നു ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുത്തത്. 362 റണ്‍സും 15 വിക്കറ്റുമായിരുന്നു ലോകകപ്പില്‍ താരം നേടിയത്.