/indian-express-malayalam/media/media_files/uploads/2022/01/Untitled-design-32.jpg)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലെ വിവാദ ഡിആർഎസ് തീരുമാനത്തിനെതിരായുള്ള വിരാട് കോഹ്‌ലിയുടെ പ്രതികരണം പക്വതയില്ലാത്തതാണെന്ന് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ. ഇത്തരം പ്രതികരണങ്ങളിലൂടെ യുവാക്കൾക്ക് നല്ലൊരു മാതൃകയാകാൻ ഇന്ത്യൻ നായകന് കഴിയുമെന്ന് കരുതുന്നില്ലെന്നും ഗംഭീർ പറഞ്ഞു.
മൂന്നാം ദിനത്തിന്റെ അവസാന മണിക്കൂറിൽ വിവാദ ഡിആർഎസ് തീരുമാനത്തെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാർ പുറത്താവാതിരുന്നതിനെ തുടർന്ന് കോഹ്‌ലിയും കെഎൽ രാഹുലും ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനും അമ്പയറിംഗിനെതിരെയും സാങ്കേതികവിദ്യക്കെതിരെയും സ്റ്റംപ് മൈക്കിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഗംഭീർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
“ഇത് ശരിക്കും മോശമാണ്. സ്റ്റമ്പ് മൈക്കിനടുത്ത് ചെന്ന് കോഹ്‌ലി ചെയ്തത് ശരിക്കും അപക്വമാണ്. ഒരു അന്താരാഷ്ട്ര ക്യാപ്റ്റനിൽ നിന്ന് പ്രത്യേകിച്ച് ഒരു ഇന്ത്യൻ ക്യാപ്റ്റനിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത് ഇതല്ല, ”ഗംഭീർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ മായങ്ക് അഗർവാളും ഇത്തരത്തിൽ രക്ഷപ്പെട്ടിരുന്നെന്നും എന്നാൽ ദക്ഷിണാഫ്രിക്കൻ നായകനിൽ നിന്ന് ഇങ്ങനൊരു പ്രതികരണമായിരുന്നില്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ 21-ാം ഓവറിലാണ് വിവാദ ഡിആർഎസ് തീരുമാനം ഉണ്ടായത്. ഡീൻ എൽഗാറിനെ ആർ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി അമ്പയർ ഔട്ട് നൽകിയെങ്കിലും റിവ്യൂയിൽ മൂന്നാം അംപയർ നോട്ടൌട്ട് വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലി മൈക്കിന് സമീപം ചെന്ന് പ്രതിഷേധം രേഖപ്പെടുത്തിയത്. "എതിർ ടീമിനെ മാത്രമല്ല സ്വന്തം ടീമിനെയും നോക്കൂ, എല്ലാ സമയവും എല്ലാ ആളുകളെയും ശ്രദ്ധിക്കൂ" എന്നായിരുന്നു കോഹ്ലി പറഞ്ഞത്.
രാഹുലും അശ്വിനും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. ഒരു രാജ്യം മുഴുവൻ 11 പേർക്കെതിരെയാണ് എന്നായിരുന്നു കെ എൽ രാഹുൽ പറഞ്ഞത്, "നിങ്ങൾ വിജയിക്കാൻ മറ്റു നല്ല വഴികൾ കണ്ടെത്തണം, സൂപ്പർസ്പോർട്ട്." എന്നായിരുന്നു അശ്വിൻ ബ്രോഡ്കാസ്റ്റർമാർക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞത്.
"എന്തൊക്കെ പറഞ്ഞാലും കോഹ്‌ലിയുടെ പ്രതികരണം അതിശയോക്തി കലർന്ന ഒന്നായിരുന്നു, ഈ രീതിയിൽ നിങ്ങൾക്കൊരു മാതൃകയാകാൻ കഴിയില്ല. വളർന്നുവരുന്ന ഒരു ക്രിക്കറ്റ് താരവും ഇത്തരത്തിലുള്ള പ്രതികരണം കാണാൻ ആഗ്രഹിക്കില്ല, പ്രത്യേകിച്ച് ഇന്ത്യൻ ക്യാപ്റ്റനിൽ നിന്ന്, ”ഗംഭീർ പറഞ്ഞു.
“ഈ ടെസ്റ്റ് മത്സരത്തിലെ ഫലം എന്തുതന്നെയായാലും, ഇത്രയും കാലം ടീമിനെ നയിച്ച ഒരു ടെസ്റ്റ് ക്യാപ്റ്റനിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് ഇതല്ല. രാഹുൽ ദ്രാവിഡ് അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ദ്രാവിഡും ഒരു ക്യാപ്റ്റൻ ആയിരുന്നു, അദ്ദേഹം ഒരിക്കലും ഈ രീതിയിൽ പ്രതികരിക്കില്ലായിരുന്നു." ഗംഭീർ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.