ഇന്ത്യൻ ടീമിലേക്ക് തന്നെ തിരഞ്ഞെടുത്ത സെലക്ടർമാരുടെ വിശ്വാസത്തിന് അതേ നിലയ്ക്ക് തന്നെ മറുപടി നൽകി താരമായിരിക്കുകയാണ് സ്മൃതി മന്ദാന. വനിത ലോകകപ് ടൂർണമെഞിലെ ആദ്യ ആദ്യ രണ്ട് കളിയിലും തകർപ്പൻ പ്രകടനം കാഴ്ചവച്ച സ്മൃതി മന്ദാന ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ വീരേന്ദർ സെവാഗാണ് ഇന്ന്. ഏത് മുൻനിര ബൗളർക്ക് പോലും കളിയുടെ തുടക്കത്തിൽ തന്നെ ആധിപത്യം നേടാനുള്ള കഴിവാണ് ഈ ഇന്ത്യൻ പെൺപുലിയെ വീറുള്ള കളിക്കാരിയാക്കുന്നത്.

ആദ്യത്തെ രണ്ട് തകർപ്പൻ പ്രകടനങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ലകകപ് നേടുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇനി തനിക്ക് പന്തെറിയാനെത്തുന്ന ബൗളർമാർക്കുള്ള മറുപടിയാണിത്. “കളി ഇനിയും അവസാനിച്ചിട്ടില്ല. പരിക്കിന് ശേഷം നല്ല തിരിച്ചുവരവ് നടത്താൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഞാൻ ശരിക്കും ടെൻഷനടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി”, അവർ വ്യക്തമാക്കി.

പരിക്കേറ്റതിനെ തുടർന്ന് ജനവരിക്ക് ശേഷം ഒറ്റ മത്സരം പോലും കളിക്കാതിരുന്ന താരത്തെ ലോകകപ് ടീമിൽ സെലക്ടർമാർ ഉൾപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് സ്ഥിരതയുള്ള ഓപ്പണർ എന്ന വിശേഷണത്തോട് നീതി പുലർത്താനാകുമോയെന്ന ഭയം താരത്തിന് ഉണ്ടായിരുന്നു.

പരിശീലന മത്സരത്തിൽ വെസ്റ്റ് ഇന്റീസിനെതിരെ പുറത്താകാതെ നേടിയ 82റൺസാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് താരം പറയുന്നു. “പരിക്കിൽ നിന്ന് മോചിതയായി കളിക്കളത്തിലേക്ക് തിരികെയെത്താൻ നന്നായി കഷ്ടപ്പെട്ടു. ആദ്യ രണ്ട് മത്സരങ്ങളിലും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മികച്ച ഫോമിൽ ബാറ്റ് വീശാനാവുമെന്ന വിശ്വാസം ഇപ്പോഴുണ്ട്. സെലക്ടർമാരുടെ തീരുമാനം ശരിയാണെന്ന് സ്ഥാപിക്കുന്ന രീതിയിൽ തന്നെ ഇനിയും ബാറ്റ് വീശും” മന്ദാന പറഞ്ഞു.

“തണുത്ത കാലാവസ്ഥയിൽ ബാറ്റ് ചെയ്യുന്നത് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. നല്ല പിച്ചുകളാണ് ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ കളിക്കുന്നതിനേക്കാൾ കൂടുതൽ താൻ ഇംഗ്ലണ്ടിൽ കളിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്ന്” സ്മൃതി പറഞ്ഞു.

പാക്കിസ്ഥാനോടാണ് ഇന്ത്യയുടെ അടുത്ത മത്സരം. “കൂടുതൽ മികച്ച പ്രകടനം ഇനിയുള്ള മത്സരത്തിലും കാഴ്ചവയ്ക്കും. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കാതെ നിർത്തില്ല” അവർ ആത്മവിശ്വാസത്തോടെ പറഞ്ഞു.

“കഴിഞ്ഞ രണ്ട് പ്രകടനത്തിലും ഞാൻ പൂർണ്ണ സംതൃപ്തയല്ല. കഴിഞ്ഞ അഞ്ച് മാസത്തെ വിശ്രമകാലത്ത് 90 റൺസോ, സെഞ്ച്വറിയോ നേടാൻ മാത്രം ഞാൻ പരിശ്രമിച്ചിട്ടില്ല. എങ്കിലും അത് സാധിച്ചു. ഇനിയുള്ള മത്സരങ്ങളിലും കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശ്രമിക്കും” സ്മൃതി കൂട്ടിച്ചേർത്തു.

എപ്പോഴും 50 റൺസ് പിന്നിട്ടാൽ ഉടൻ പുറത്താകുന്ന ശീലം മാറ്റാൻ ഇന്ത്യയ്ക്ക് ലോകകപ്പ് വേണമെന്ന് മനസിൽ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് താനെന്ന് സ്മൃതി പറഞ്ഞു. “ഇന്ത്യയ്ക്ക് ലോകകപ്പ് നേടണമെന്ന ലക്ഷ്യമാണ് മനസിലുള്ളത്. അതിന് വേണ്ടിയാണ് പരിശ്രമം. ആ ലക്ഷ്യം മനസിൽ അതേ മട്ടിൽ നിലനിൽക്കുന്നത് കൊണ്ടാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും ഞാൻ പുറത്താകാതെ ഇരുന്നത്”, സ്മൃതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook