മെൽബൺ: പന്തു ചുരണ്ടൽ വിവാദത്തിൽ ശിക്ഷിക്കപ്പെട്ട ഓസീസ് മുൻ ഉപനായകൻ ഡേവിഡ് വാർണറുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ കൊല്ലുകയാണെന്ന് ഭാര്യ കാന്‍ഡിസ് പറഞ്ഞു. ‘ഇത് മുഴുവന്‍ എന്റെ തെറ്റാണെന്ന് എനിക്ക് തോന്നുന്നു, ഇത് എന്നെ ഓരോ നിമിഷവും കൊന്നു കൊണ്ടിരിക്കുകയാണ്’, കാന്‍ഡിസ് പറഞ്ഞു.

വാര്‍ണറുടെ പ്രവൃത്തിയെ ന്യായീകരിക്കുകയല്ല താനെന്ന് പറഞ്ഞ കാന്‍ഡിസ് അദ്ദേഹം തന്നേയും കുട്ടികളേയും കഴിവിന്റെ പരമാവധി സംരക്ഷണം നല്‍കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ‘ഡേവ് മൽസരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ കരയുന്നതാണ് കണ്ടത്. കുട്ടികള്‍ ഞാന്‍ കരയുന്നത് നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അത് എന്നെ തകര്‍ത്ത് കളഞ്ഞു’, കാന്‍ഡിസ് പറഞ്ഞു.

ഓസ്ട്രേലിയന്‍ ആരാധകര്‍ ക്ഷമയോടും സഹാനുഭൂതിയോടും കാത്തിരിക്കണമെന്നും ഈ ഘട്ടത്തില്‍ വാര്‍ണര്‍ക്ക് തകര്‍ച്ചയില്‍ നിന്നു തിരികെ വരികയാണ് വേണ്ടതെന്നും കാന്‍ഡിസ് പറഞ്ഞു.

അതേസമയം, വാര്‍ണര്‍ ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. താൻ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണ് എന്ന് പറഞ്ഞ മുൻ ഓസീസ് നായകൻ ഇനി രാജ്യത്തിന് വേണ്ടി കളിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്നലെ പറഞ്ഞിരുന്നു.

ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ വാർണർ എഴുതി തയ്യാറാക്കിയ പത്രക്കുറിപ്പ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ വായിച്ചുകേൾപ്പിക്കുകയായിരുന്നു. “ഇനി രാജ്യത്തിന് വേണ്ടി കളിക്കാനാകുമെന്ന വളരെ ചെറിയ പ്രതീക്ഷ മാത്രമേയുളളൂ. ഇനി കളിക്കാനാവില്ലെന്ന യാഥാർത്ഥ്യത്തിലേക്ക് ഞാൻ എത്തി. ഓരോ കളിയിലും രാജ്യത്തിന് കൂടുതൽ അഭിമാനം നേടിയെടുക്കാനാണ് ശ്രമിച്ചത്,” തന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കി വാർണർ പറഞ്ഞു.

ഇത് നാലാം തവണയാണ് കുറ്റം ഏറ്റുപറഞ്ഞ് വാർണർ മാധ്യമപ്രവർത്തകരെ കാണുന്നത്. നേരത്തെ സ്റ്റീവ് സ്മിത്തും നിറകണ്ണുകളോടെയാണ് പന്തു ചുരണ്ടൽ വിവാദത്തിന് പിന്നാലെ കളത്തിന് പുറത്തേക്ക് പോയത്. എല്ലാ കുറ്റവും തന്റേത് മാത്രമാണെന്നാണ് താരവും പറഞ്ഞിരുന്നത്.

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം ഉണ്ടായത്. മൽസരത്തിനിടെ യുവതാരം ബാൻക്രോഫ്റ്റാണ് സാന്റ്പേപ്പർ കൊണ്ട് പന്ത് ചുരണ്ടിയത്. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ കോച്ച് ടീമംഗം വഴി ബാൻക്രോഫ്റ്റിനെ ഇക്കാര്യം അറിയിച്ചു.

മൽസരശേഷം നടന്ന പത്രസമ്മേളനത്തിൽ തങ്ങൾ കൂടി അറിഞ്ഞാണ് ബാൻക്രോഫ്റ്റ് ഇക്കാര്യം ചെയ്തതെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ഐസിസി ഒരു മൽസരത്തിൽ നിന്ന് സ്മിത്തിനെയും വാർണറെയും ബാൻക്രോഫ്റ്റിനെയും വിലക്കിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്ട്രേലിയ കടുത്ത നടപടിയിലേക്ക് കടന്നു. ഒരു വർഷത്തേക്കാണ് സ്മിത്തിനെയും വാർണറെയും ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിരുത്തിയത്. ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ വിലക്കും ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ