ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേറ്റു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 3 മികച്ച ബാറ്റ്സ്മാന്മാരെയും നഷ്ടപ്പെട്ടു. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാരായ മുരളി വിജയ് (9), കെ.എൽ.രാഹുൽ (4), വിരാട് കോഹ്‌ലി തുടങ്ങി ആർക്കുംതന്നെ രണ്ടക്കം കടക്കാനായില്ല. മുരളി വിജയ്‌യുടെ വിക്കറ്റാണ് ആദ്യം വീണത്. കാഗിസോ റബാദയുടെ ബോളിലാണ് വിജയ് പുറത്തായത്. പിന്നാലെ കെ.എൽ.രാഹുലും വീണു.

ഓപ്പണിങ് ബാറ്റ്സ്മാന്മാർ പുറത്തായപ്പോൾ പിന്നെ പ്രതീക്ഷ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയായിരുന്നു. എന്നാൽ അധികം താമസിയാതെ കോഹ്‌ലിയും വീണു. എൻഗിഡിയാണ് കോഹ്‌ലിയെ മടക്കിയത്. ടീമിനെ മുന്നിൽനിന്നും നയിക്കേണ്ട നായകൻ തന്നെ വീണതോടെ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കോഹ്‌ലിയുടെ വിക്കറ്റ് വീണ നിരാശയിൽ ഇന്ത്യൻ മുൻതാരം മുഹമ്മദ് കെയ്ഫ് ട്വിറ്ററിൽ ഇങ്ങനെ എഴുതി, ‘നിർഭാഗ്യവശാൽ എല്ലാം കഴിഞ്ഞു. കോഹ്‌ലി പോയി, ഇന്ത്യ പോയി’.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 287 ൽ അവസാനിച്ചപ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാനാവുമെന്ന പ്രതീക്ഷ കെയ്ഫ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. 287 റൺസ് ഇന്ത്യയ്ക്ക് നേടാവുന്നതേയുളളൂ. ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ വയ്ക്കാവുന്നതാണെന്നും കെയ്ഫ് പറഞ്ഞിരുന്നു.

രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിക്കണമെങ്കിൽ ഇനി 252 റൺസ് വേണം. 7 വിക്കറ്റുകളാണ് ഇനി അവശേഷിക്കുന്നത്. ചേതേശ്വർ പൂജാരെയും പാർത്ഥിവ് പട്ടേലുമാണ് ക്രീസിലുളളത്. രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, അശ്വിൻ എന്നിവരിലാണ് ഇനി ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷയുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ