ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വിജയികളെ കുറിച്ചുള്ള പ്രവചനങ്ങളും വിലയിരുത്തലുകളും ക്രിക്കറ്റ് ലോകത്ത് സജീവമാവുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിവിഎസ് ലക്ഷമണാണ് ഏറ്റവും ഒടുവിൽ ലോകകപ്പ് ആരുനേടുമെന്ന കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ഇന്ത്യയാണ് ഇക്കുറി ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മുന്നിലെന്ന് ലക്ഷമൺ പറയുന്നു. ഇന്ത്യയ്ക്ക് പുറമെ ആഥിതേയരായ ഇംഗ്ലണ്ടിനും ലക്ഷമൺ സാധ്യത കൽപ്പിക്കുന്നു.
സന്ദർശകരെന്ന നിലയിൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഇന്ത്യ നേടിയ തകർപ്പൻ വിജയങ്ങൾ ഇന്ത്യൻ ടീം ശരിയായ സമയത്ത് തിളങ്ങുന്നതിന്റെ തെളിവാണെന്ന് ലക്ഷമൺ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരായയ പരമ്പര 2-1നും ന്യൂസിലൻഡിനെതിരായ പരമ്പര 4-1നുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
” ശരിയായ സമയത്ത് തിളങ്ങുക എന്നതിലാണ് കാര്യം. ലോകകപ്പ് എന്ന് പറയുന്നത് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരു ടൂർണമെന്റാണ്. അതുകൊണ്ട് തന്നെ താരങ്ങൾ മാനസികമായും ശാരീരികമായും താരങ്ങൾ മികവ് പുലർത്തണം. ഇന്ത്യയ്ക്കാണ് ഞാൻ ലോകകപ്പ് കിരീട സാധ്യത കാണുന്നത്. ഇന്ത്യയ്ക്ക് ഒപ്പം ആഥിതേയരായ ഇംഗ്ലണ്ടിനും സാധ്യത കൂടുതലാണ്,” ലക്ഷമൺ പറഞ്ഞു.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഇന്ത്യൻ പ്രകടനം മികച്ച് നിന്നു. ഒന്നോ രണ്ടോ താരങ്ങൾ മാത്രമല്ല എല്ലാവരും വിജയത്തിന്റെ ഭാഗമായി എന്നത് ശ്രദ്ധേയമാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേ പോലെ മികവ് പുലർത്തുന്നത് പ്രശംസനാർഹമാണ്.