ഒരു പതിറ്റാണ്ടിനുശേഷം രാജ്യാന്തര ക്രിക്കറ്റ് പാക് മണ്ണില്‍ തിരികെ എത്തിയിരിക്കുകയാണ്. ഏറെ ആശങ്കകള്‍ക്കൊടുവിലാണു ശ്രീലങ്ക പാക്കിസ്ഥാനില്‍ കളിക്കാന്‍ തയ്യാറാകുന്നത്. അപ്പോഴും പ്രമുഖ താരങ്ങളില്‍ മിക്കവരും പരമ്പരയില്‍നിന്നു വിട്ടുനിൽക്കുകയാണ്. അതീവ സുരക്ഷ നല്‍കിയാണു പാക്കിസ്ഥാന്‍ ശ്രീലങ്കന്‍ താരങ്ങളെ സ്റ്റേഡിയങ്ങളിലെത്തിക്കുന്നത്.
പ്രസിഡന്‍ഷ്യല്‍ ലെവല്‍ സുരക്ഷയാണു ശ്രീലങ്കന്‍ ടീമിനു പാക്കിസ്ഥാനില്‍ നല്‍കുന്നത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി20 കളുമാണു പര്യടനത്തിലുള്ളത്. ശ്രീലങ്കന്‍ ടീമിനു നല്‍കുന്ന സുരക്ഷയെ പരാമര്‍ശിച്ചു പാക്കിസ്ഥാനെ പരിഹസിച്ചിരിക്കുകയാണു മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.
ശ്രീലങ്കന്‍ താരങ്ങളെ അതീവ സുരക്ഷയിൽ സ്‌റ്റേഡിയത്തിലേക്ക് എത്തിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചാണു ഗംഭീറിന്റെ പരിഹാസം. കശ്മീരിനെക്കുറിച്ച് സംസാരിച്ച് കറാച്ചി മറന്നെന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. മത്സരം നടക്കുന്ന കറാച്ചിയിലെ സ്റ്റേഡിയത്തിന്റെ പരിഹസരത്ത് കര്‍ഫ്യുവിനു സമാനമായ സാഹചര്യം സൃഷ്ടിച്ചാണു മത്സരം നടക്കുന്നതെന്നാണു ഗംഭീറിന്റെ വിമര്‍ശനം.
Itna Kashmir kiya ke Karachi bhool gaye pic.twitter.com/TRqqe0s7qd
— Gautam Gambhir (@GautamGambhir) September 30, 2019
അതേസമയം, പത്തു വര്‍ഷത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റ് സ്വന്തം മണ്ണിലേക്കു തിരികെ വന്നപ്പോള്‍ വിജയം ആഘോഷിച്ച് പാക്കിസ്ഥാന്‍. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 67 റണ്‍സിനായിരുന്നു പാക് വിജയം. ബാബര്‍ അസമിന്റെ ഉശിരന്‍ സെഞ്ചുറിയാണു പാക്കിസ്ഥാന്റെ വിജയത്തിനു കരുത്തായത്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സാണെടുത്തത്. ബാബര്‍ അസം 105 പന്തുകളില്‍നിന്നു 115 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്കു 46.5 ഓവറില്‍ 238 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 96 റണ്‍സെടുത്ത് പുറത്തായ ഷെഹാന്‍ ജയസൂര്യയാണു ലങ്കയുടെ ടോപ് സ്‌കോറര്‍. ദസുന്‍ ഷനാക്ക 68 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പക്ഷെ തൊട്ടടുത്ത ഓവറുകളില്‍ രണ്ടുപേരും പുറത്തായി.