പലെർമോ: തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്. ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ ദുർബലരായ നോർത്ത് മാസിഡോണിയയോട് 1-0ന് തോറ്റതോടെയാണ് ഇറ്റലിയുടെ ഖത്തർ മോഹങ്ങൾക്ക് തിരശീല വീണത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇറ്റലിയുടെ തോൽവി. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇൻജറി ടൈമിൽ അലക്സാണ്ടർ താജ്കോവ്സ്കിയാണ് നോർത്ത് മാസിഡോണിയയ്ക്കായി വിജയഗോൾ നേടിയത്.
എട്ട് മാസം മുൻപ് കരുത്തരായ ഇംഗ്ലണ്ടിനെ തകർത്ത് യൂറോ കപ്പ് നേടിയ ഇറ്റലി, ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയതോടെയാണ് പ്ലേ ഓഫ് മത്സരങ്ങൾ കളിക്കേണ്ട സാഹചര്യത്തിലെത്തിയത്. കരുത്തരായ പോർച്ചുഗൽ അടങ്ങുന്ന ഗ്രൂപ്പിലായിരുന്നു ഇറ്റലിയുടെ സ്ഥാനം. അതോടെ ഇറ്റലിയും പോർച്ചുഗലും തമ്മിലായിരിക്കും പ്ലേഓഫ് ഫൈനലെന്നും ഇവരിൽ ആരെങ്കിലും ഒരാൾ മാത്രമേ ലോകകപ്പ് യോഗ്യത നേടൂ എന്നും ആരാധകർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ അതിനിടെയാണ് ദുർബലരായ മാസിഡോണിയയോട് തോറ്റ് ഇറ്റലി പുറത്താകുന്നത്.
അതേസമയം, ആദ്യ പ്ലേഓഫിൽ തുർക്കിയെ 3-1ന് വീഴ്ത്തിയ പോർച്ചുഗൽ ലോകകപ്പ് യോഗ്യതയ്ക്ക് അരികെയെത്തി. നോർത്ത് മാസിഡോണിയ ആണ് ഫൈനലിൽ പോർച്ചുഗലിന്റെ എതിരാളികൾ. ഒട്ടാവിയോ, ഡീഗോ ജോട്ട, മാത്യൂസ് നൂനസ് എന്നിവരാണ് തുക്കിക്കെതിരെ പോർച്ചുഗലിനായി ലക്ഷ്യം കണ്ടത്. തുർക്കിയുടെ ആശ്വാസ ഗോൾ 65–ാം മിനിറ്റിൽ ബുറാക് യിൽമാസാണ് നേടിയത്. 85–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ തുർക്കിക്ക് തിരിച്ചുവരവിനുള്ള നേരിയ സാധ്യത ഉണ്ടായിരുന്നെങ്കിലും യിൽമാസ് അത് നഷ്ടമാക്കി. ഇതോടെയാണ് പോർച്ചുഗൽ ഇഞ്ചുറി ടൈമിൽ ഗോളടിച്ച് ആധികാരിക ജയം ഉറപ്പിച്ചത്.
നാല് തവണ ഫുട്ബോള്‍ ലോകകപ്പ് നേടിയിട്ടുള്ള ഇറ്റലിയ്ക്ക് 2018ന് പുറമെ 1958 ലും ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. 1934,1938, 1982, 2006 എന്നീ വർഷങ്ങളിലാണ് ഇറ്റലി ലോകകപ്പ് കിരീടമുയർത്തിയത്. 1970, 1994 ലോകകപ്പുകളില്‍ ഫൈനലിൽ കളിച്ചെങ്കിലും പരാജയപ്പെട്ടു.
ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി പതിനഞ്ചിലധികം ടീമുകള്‍ ഇതുവരെ ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്. ഈ വർഷമവസാനം ഖത്തറിലാണ് ലോകകപ്പ് നടക്കുക.
Also Read: നയിക്കാന്‍ ഇനി ധോണിയില്ല; കൂളായി പിന്നണിയിലേക്കോ?