ഫുട്ബോൾ മൈതാനം പലപ്പോഴും വംശീയ വിദ്വേഷങ്ങളുടെയും അധിക്ഷേപങ്ങളുടെയും പേരിൽ കളങ്കപ്പെട്ടിട്ടുണ്ട്. കാലം ഇത്രയധികം പുരോഗമിച്ചുവെന്ന് പറയുമ്പോഴും വംശീയയ അധിക്ഷേപങ്ങൾ അവസാനിക്കുന്നില്ല. ഇറ്റാലിയൻ താരം മരിയോ ബലോട്ടലിക്ക് നേരെയാണ് ഏറ്റവും ഒടുവിൽ കാണികൾ വംശീയ അധിക്ഷേപം നടത്തിയത്. ഇറ്റാലിയൻ ലീഗായ സീരി എയിൽ ഹെല്ലാസ് വെറോണ – ബ്രേഷ്യ മത്സരത്തിനിടെയാണ് ഹെല്ലാസ് വെറോണ ആരാധകർ വംശീയ അധിക്ഷേപം നടത്തിയത്.

ആരാധകരുടെ വംശീയ അധിക്ഷേപത്തിൽ ദേഷ്യം പിടിച്ച മുൻ മാഞ്ചസ്റ്റർ സിറ്റി താരം ബോളെടുത്ത് ഹെല്ലാസ് ആരാധകരുടെ സ്റ്റാൻഡിലേക്ക് ഉയർത്തിയടിച്ചു. താരം വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിയെങ്കിലും ഇരു ടീമുകളുടെയും കളിക്കാർ ബലോട്ടലിയെ തടയുകയായിരുന്നു. താരത്തെ ആശ്വസിപ്പിക്കാനും ഇരു ടീമുകളുടെയും താരങ്ങൾ ഒത്തുകൂടി.

Also Read: ലക്ഷ്യം തെറ്റിയ ടാക്കിൾ; കണ്ണീരായി ആന്ദ്രേ ഗോമസ്

മത്സരത്തിനുശേഷം തനിക്ക് പിന്തുണയറിയിച്ച സഹതാരങ്ങൾക്കും ഫുട്ബോൾ ആരാധകർക്കും നന്ദിയറിയിച്ച് ബലോട്ടലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തു. ” മൈതാനത്തിന് അകത്തും പുറത്തും എനിക്ക് പിന്തുണയറിയിച്ച സഹകളിക്കാർക്കും എനിക്ക് സന്ദേശം അറിയിച്ച എല്ലാ ആരാധകർക്കും നന്ദി,” ബലോട്ടലി ഇൻസ്റ്റയിൽ കുറിച്ചു.

സംഭവത്തിനുപിന്നാലെ മത്സരം കുറച്ചുനേരത്തേക്ക് തടസപ്പെട്ടു. പിന്നാലെ ഇനിയും ഇത്തരത്തിൽ വംശീയാധിക്ഷേപം നടത്തിയാൽ ഇരു ടീമുകളും മത്സരം അവസാനിപ്പിച്ച് മൈതാനം വിടുമെന്ന മുന്നറിയിപ്പിനുശേഷമാണ് മത്സരം പുന:രാരംഭിച്ചത്. താരത്തിന് പിന്തുണയറിയിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളും സന്ദേശങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook