അണ്ടർ-19 ലോകകപ്പിൽ ഉപനായകൻ ശുഭ്മാൻ ഗിൽ ആയിരുന്നു മികച്ച താരം. സെമിഫൈനലിൽ പാക്കിസ്ഥാനെതിരെ ശുഭ്മാൻ നേടിയ 102 റൺസാണ് ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ കരുത്തായത്. ഒരു സെഞ്ചുറിയും 3 അർധ സെഞ്ചുറികളുമടക്കം 372 റൺസാണ് 18 കാരനായ ശുഭ്മാൻ അടിച്ചു കൂട്ടിയത്. ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുളള പുരസ്കാരവും ഗില്ലിനെ തേടിയെത്തി.

ശുഭ്മാന്റെ ബാറ്റിങ് ശൈലിയെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയോടാണ് പലരും താരതമ്യപ്പെടുത്തുന്നത്. പക്ഷേ കോഹ്‌ലിയോട് താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ ശുഭ്മാൻ പറഞ്ഞത് ഇതാണ്,

”കോഹ്‌ലി എന്റെ ആരാധനാപാത്രമാണ്. ഇപ്പോഴത്തെ ജനറേഷനിലെ ക്രിക്കറ്റ് താരങ്ങൾ അദ്ദേഹത്തെയാണ് നോക്കി പഠിക്കുന്നതും അദ്ദേഹത്തെപ്പോലെയാകാനാണ് ആഗ്രഹിക്കുന്നതും. കോഹ്‌ലിയുടെ ഫിറ്റ്‌നസ് ഞാനും അനുകരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ അദ്ദേഹത്തെപ്പോലെയാകാൻ ഇനിയും ഒരുപാട് കാലം വേണ്ടിവരും. കോഹ്‌ലിയുമായി എന്നെ താരതമ്യം ചെയ്യരുത്”.

വിരാട് കോഹ്‌ലിയെ ഏറെ ഇഷ്ടപ്പെടുന്ന ശുഭ്മാൻ ഗിൽ തനിക്കൊരു സ്വപ്നമുണ്ടെന്നും വെളിപ്പെടുത്തി. ”ഒരു ദിവസം വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ കളിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു ഭാഗ്യമായിരിക്കും” ശുഭ്മാൻ ഗിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook