ഇന്ത്യയെ തോൽപിക്കുക എന്നത് പാകിസ്ഥാന് കഴിഞ്ഞ ലോകകപ്പിലെ പോലെ അത്ര എളുപ്പമാകില്ലെന്ന് മുൻ പാക് താരം ഷോയിബ് അക്തർ. കഴിഞ്ഞ ടി20 ലോകകപ്പിൽ ബാബർ അസമും സംഘവും പത്ത് വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്. എന്നാൽ നിലവിലെ ഇന്ത്യൻ നിരയെ അങ്ങനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നാണ് അക്തർ പറയുന്നത്.
“ഇത്തവണ കൃത്യമായ ആസൂത്രണത്തോടെയാകും ഇന്ത്യ വരിക. ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുക എന്നത് പാകിസ്ഥാന് എളുപ്പമായിരിക്കില്ല,” അക്തറിനെ ഉദ്ധരിച്ച് ക്രിക്കറ്റ് പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ – പാകിസ്ഥാൻ മത്സരം.
എന്നാൽ ലോകകപ്പിലെ തന്റെ പ്രവചനം പറയാൻ അക്തർ തയ്യാറായില്ല. “ഇപ്പോൾ മത്സരഫലങ്ങൾ പ്രവചിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, പക്ഷെ മെൽബണിലെ പിച്ച് ഫാസ്റ്റ് ബൗളർമാർക്ക് ബൗൺസ് വാഗ്ദാനം ചെയ്യുന്നതുകൊണ്ട് പാകിസ്ഥാൻ രണ്ടാമത് പന്തെറിയണം,” എന്ന് അക്തർ പറഞ്ഞു.
ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നും അക്തർ പറഞ്ഞു. “ഇത്തവണ നിറയെ ആരാധകരുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഏകദേശം 150,000 ആരാധകർ മെൽബണിൽ ഉണ്ടാവും. അതിൽ 70,000 പേരും ഇന്ത്യൻ അനുഭാവികളായിരിക്കും,” അദ്ദേഹം പറഞ്ഞു.
Also Read: ട്വന്റി 20 യിലും പരാജയം; കോഹ്ലിയെ പുറത്താക്കാന്‍ ‘വിദഗ്ധരുടെ’ മുറവിളി; പ്രതികരിച്ച് രോഹിത്