മുംബൈ: ഇന്ത്യയുമായുള്ള ടെസ്റ്റ്‌ മത്സരം ഓസ്ട്രേലിയക്ക് പ്രയാസമേറിയതായിരിക്കുമെന്ന് പറഞ്ഞ സൗരവ് ഗാംഗുലിയുടെ പരാമര്‍ശത്തിനെതിരെ സ്റ്റീവ് വോ രംഗത്ത്. പരമ്പരയില്‍ 0-4 സ്കോറിലുള്ള പരാജയമായിരിക്കും ഓസ്ട്രേലിയയെ കാത്തിരിക്കുന്നതെന്നാണ് ഗാംഗുലി പറഞ്ഞത്. എന്നാല്‍ ഓസ്ട്രേലിയയെ എഴുതിത്തള്ളുന്നത് മണ്ടത്തരമാണെന്നാണ് സ്റ്റീവ് വോ പ്രതികരിച്ചത്.

ടീമിനെ എഴുതിത്തള്ളുന്നത് മണ്ടത്തരമായിരിക്കും. ഓസ്ട്രേലിയന്‍ ടീമിനെ എനിക്കറിയാം. അവര്‍ക്ക് അപ്രതീക്ഷിതമായ കുതിപ്പ് നടത്താന്‍ അവര്‍ക്ക് കഴിയും. കളി വിജയിപ്പിക്കാന്‍ പോന്ന കളിക്കാര്‍ ടീമിലുണ്ടെന്നും ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ പറഞ്ഞു. ഗാംഗുലി പറഞ്ഞത് ചിലപ്പോള്‍ ശരിയായിരിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ഗാംഗുലിയെ വെല്ലുവിളിക്കാനാണ് തനിക്ക് ഇഷ്ടം. എല്ലാ കളികളും തോല്‍ക്കുമെന്ന് കരുതിയല്ല ഓസ്ട്രേലിയ ഇന്ത്യയില്‍ എത്തുന്നതെന്നും അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈസിനോട് പ്രതികരിച്ചു.

ഇന്ത്യയെ സ്വന്തം രാജ്യത്ത് തോല്‍പ്പിക്കുന്നത്‌ പ്രയാസമാണ്. നിലവില്‍ ഉള്ളതിലും കരുത്തരായ ടീമായിരുന്നു 2001ല്‍ ഓസ്ട്രേലിയക്കുണ്ടായിരുന്നത്. എന്നിട്ടും അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല. ടെസ്റ്റ്‌ പരമ്പരയില്‍ ഇന്ത്യ സ്വന്തം നാട്ടില്‍ വച്ചു പരാജയപ്പെട്ടത് എത്ര തവണയാണ്. അങ്ങനെ ഒരു കാര്യം ഓര്‍മ്മയില്‍ പോലും ഇല്ല. ഓസ്ട്രേലിയ ഇത്തവണ പരാജയം അറിയും. മുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ചുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ പുകഴ്ത്താനും ഗാംഗുലി മറന്നില്ല. ക്രിക്കറ്റിനോട് കൊഹ്ലിക്കുള്ള അഭിനിവേശം അതിശയിപ്പിക്കുന്നതാണ്. മികച്ച ക്യാപ്റ്റനായിരുന്ന ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റുവാങ്ങിയ കോഹ്ലി നേതൃസ്ഥാനം ഉചിതമായിട്ടാണ് ഉപയോഗിക്കുന്നത് എന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയ്ക്കെതിരായ മത്സരങ്ങള്‍ക്ക് ടീം ഓസ്ട്രേലിയ മുംബൈയില്‍ എത്തി.

ഈ മാസം 23 മുതലാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. നാല് ടെസ്റ്റും ഒരു സന്നാഹമത്സരവുമാണ് ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യയില്‍ കളിക്കേണ്ടത്. കഴിഞ്ഞ എട്ട് മത്സരങ്ങളിലും ഏഷ്യയില്‍ തോല്‍വി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയക്ക് ഇന്ത്യന്‍ പര്യടനം കനത്ത വെല്ലുവിളിയാണ്. അതെസമയം ഇന്ത്യ തുടര്‍ച്ചയായി 19 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ഓസ്‌ട്രേലിയയെ നേരിടാന്‍ തയ്യാറെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ