ജയദേവ് ഉനദ്‌കടിന് മുന്നിൽ ഇപ്പോഴുളളത് വിജയ് ഹസാരെ ട്രോഫിയാണ്. സൗരാഷ്ട്ര ടീമംഗമായ ഉനദ്‌കട് ഐപിഎൽ ലേലം വിളി നടക്കുമ്പോൾ വിജയ് ഹസാരെ ടൂർണ്ണമെന്റിനായുളള പരിശീലനത്തിലായിരുന്നു. തന്റെ പേര് വരുമ്പോൾ അറിയിക്കണമെന്ന് ടീം ഫിസിയോയെ ചട്ടം കെട്ടിയാണ് നെറ്റ്സിൽ പന്തെറിയാൻ ഉനദ്‌കട് പോയത്.

എന്നാൽ ഉനദ്‌കട് മാത്രമല്ല, നെറ്റ്സിൽ പരിശീലനം നടത്തിയിരുന്ന മുഴുവൻ താരങ്ങളും ഫിസിയോയുടെ വിളിക്ക് പിന്നാലെ ഡ്രസ്സിങ് റൂമിലെ ടിവിക്ക് മുന്നിലെത്തി. “ഒരൊറ്റ ഫോൺ വിളിയിൽ ടീമിലെ 30 പേരും ഡ്രസിങ് റൂമിലെത്തി. എല്ലാവരും പരിശീലനം നിർത്തി വന്നു. ആർക്കും അപ്പോൾ പരിശീലനം നടത്താനുളള ക്ഷമയുണ്ടായിരുന്നില്ല. അത് ഏറെ രസകരമായിരുന്നു”, ഉനദ്‌കട് പറഞ്ഞു.

ഉനദ്‌കടിന് വേണ്ടി ചെന്നൈ സൂപ്പർ കിങ്സ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും കിങ്സ് ഇലവൻ പഞ്ചാബിന്റെ സഹ ഉടമ പ്രീതി സിന്റയുമാണ് മൽസരിച്ച് ലേലം വിളിച്ചത്. “കിങ്സ് ഇലവൻ പഞ്ചാബിലേക്ക് എന്ന് ഞാൻ ഉറപ്പിച്ചതാണ്. അപ്പോഴാണ് രാജസ്ഥാൻ റോയൽസിന്റെ വിളി. എല്ലാവരും കൈയ്യടിക്കാനും ചിരിക്കാനും തുടങ്ങി. അത് ശരിക്കും സിനിമ കഥയിലെ ട്വിസ്റ്റ് പോലെയാണ് തോന്നിയത്”, ഉനദ്‌കട് പറഞ്ഞു.

ഞായറാഴ്ച നടന്ന ലേലത്തിൽ ഏറ്റവും മൂല്യമേറിയ ഇന്ത്യൻ താരമായി ഉനദ്കട് മാറിയിരുന്നു. 11.5 കോടിക്കാണ് താരത്തെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സ് എന്തായാലും തനിക്ക് വേണ്ടി ലേലം വിളിക്കുമെന്ന് ജയദേവ് ഉനദ്കട് പ്രതീക്ഷിച്ചിരുന്നു. റൈസിങ് പുണെ സൂപ്പർജയന്റ്സിൽ മഹേന്ദ്ര സിങ് ധോണിക്ക് ഒപ്പം കളിച്ച ഉനദ്‌കടിന്, ധോണിയുമായുളള അടുപ്പം തന്നെയാണ് ഈ ഉറപ്പ് നൽകിയത്. എന്നാൽ ഇത്രയും കടുത്ത മൽസരം തനിക്ക് വേണ്ടി ലേലത്തിൽ ഉണ്ടാകുമെന്ന് താരം പ്രതീക്ഷിച്ചിരുന്നില്ല.

“ഞാൻ തുകയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഞാൻ നന്നായി കളിച്ചു. മാഹി ഭായിയും സ്റ്റീവ് സ്മിത്തും എന്നെ വിട്ടുകളയില്ലെന്ന് ഉറപ്പായിരുന്നു. ചെന്നൈക്ക് ഒപ്പം കിങ്സ് ഇലവനും മൽസരിച്ച് ലേലം വിളിച്ചത് എന്നെ അമ്പരപ്പിച്ചു. ഞാൻ നന്നായി ചെയ്യുന്നത് കൊണ്ടാവാം അവർ അത്രയും ഉയർന്ന തുക വരെ ലേലം വിളിച്ചത്”, ഉനദ്‌കട് പറഞ്ഞു.

12 കളികളിൽ നിന്ന് 24 വിക്കറ്റാണ് ഇദ്ദേഹം കഴിഞ്ഞ ഐപിഎല്ലിൽ നേടിയത്. 13.41 ശരാശരിയിൽ 7.02 ഇക്കോണമി റേറ്റിലായിരുന്നു ഉനദ്‌കടിന്റെ പ്രകടനം. ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് ആയതും ഉനദ്‌കടിനെ ലേലത്തിൽ തുണച്ചു. മൂന്ന് കളികളിൽ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയ ഉനദ്‌കട് 4.88 റൺസാണ് ഒരോവറിൽ ശരാശരി വിട്ടുകൊടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ