വിരാട് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് തന്നെ ഞെട്ടിച്ചെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്താനും ചില റെക്കോർഡുകൾ തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാകും വിരാട് കോഹ്‌ലി ഈ തീരുമാനമെടുത്തതെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.
എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ പോണ്ടിങ്, കോഹ്‌ലിയുടെ നേതൃത്വപാടവത്തെ പ്രശംസിച്ചു, അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ മുമ്പത്തേക്കാൾ കൂടുതൽ ടെസ്റ്റുകൾ വിദേശത്ത് ജയിച്ചുകൊണ്ട് വിദേശ റെക്കോർഡ് മെച്ചപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം പറഞ്ഞു.
“അദ്ദേഹത്തിന് ഇപ്പോൾ 33 വയസ്സായി, കുറച്ച് വർഷങ്ങൾ കൂടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും, എനിക്ക് ഉറപ്പുണ്ട്, മാത്രമല്ല വളരെ ദൂരയല്ലാതെ തകർക്കാൻ കഴിയുന്ന ചില റെക്കോർഡുകൾ തകർക്കാനും സാധ്യതയുണ്ട്.”
“ഒരു പക്ഷേ, ഒരു ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻസിയുടെ അധിക ഉത്തരവാദിത്തമില്ലാത്തതിനാലും അദ്ദേഹം അത് ചെയ്‌തേക്കും, അത് അദ്ദേഹത്തിന് കുറച്ചുകൂടെ എളുപ്പമായേക്കാം,” പോണ്ടിങ് പറഞ്ഞു.
കോഹ്‌ലിയുടെ കീഴിലുള്ള ഇന്ത്യൻ ടീമിന്റെ ശ്രമങ്ങളെ ഇതിഹാസ താരം പ്രശംസിച്ചു, തന്റെ ക്യാപ്റ്റൻസിക്ക് കീഴിലുള്ള ഓസ്‌ട്രേലിയയുടെ പ്രകടനത്തേക്കാൾ അത് അമ്പരപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയിലുള്ള ടെസ്റ്റ് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ, താൻ നേടിയ നേട്ടങ്ങളിൽ കോഹ്‌ലിക്ക് അഭിമാനിക്കാൻ കഴിയുമെന്ന് പോണ്ടിങ് പറഞ്ഞു.
കോഹ്‌ലിയെക്കാൾ കൂടുതൽ ടെസ്റ്റുകളിൽ (68) അല്ലെങ്കിൽ കൂടുതൽ മത്സരങ്ങൾ (40) വിജയിച്ച മറ്റൊരു ഇന്ത്യൻ നായകനും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് കീഴിൽ 24 പരമ്പരകളിൽ അഞ്ചെണ്ണം മാത്രമാണ് ഇന്ത്യ തോറ്റത്.
Also Read: കോഹ്ലി വിജയിച്ച ക്യാപ്റ്റൻ, ജോ റൂട്ട് അതിൽ മോശം: ഇയാൻ ചാപ്പൽ
സ്വന്തം തട്ടകത്തിൽ കോഹ്‌ലി ക്യാപ്റ്റനായ ഒരു പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. 31 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അവർ തോറ്റത്.
ഇന്ത്യയ്ക്ക് പുറത്ത് കോഹ്‌ലിക്ക് ഇന്ത്യ 36 മത്സരങ്ങളിൽ 16ലും വിജയിച്ചു, 44.44 ആണ് വിജയശതമാനം, കുറഞ്ഞത് 10 മത്സരങ്ങളിലെങ്കിലും ടീമിനെ നയിച്ച ഒരു ഏഷ്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന വിജയശതമാനമാണിത്.
2018-19 ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ 2-1 വിജയം ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലിയുടെ ഏറ്റവും മികച്ച പരമ്പര വിജയമായി പോണ്ടിങ് വിലയിരുത്തി. ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്.
കോഹ്‌ലിയ്ക്ക് പകരം ക്യാപ്റ്റനായ രോഹിതിനെയും പോണ്ടിങ് പിന്തുണച്ചു. 2013ൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയപ്പോൾ രോഹിതിനെ നിർദ്ദേശിച്ചത് താനാണെന്ന് അദ്ദേഹം പറഞ്ഞു.