ധോണി എപ്പോൾ വിരമിക്കുമെന്നതാണ് കുറച്ചു നാളുകളായി ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന ചർച്ച. നാലാം നമ്പരുൾപ്പടെ ടീമിനെ അലട്ടുന്ന മറ്റ് വിഷയങ്ങളെക്കാളേറെ മുൻ താരങ്ങളും ടീം അംഗങ്ങളും ആരാധകരുമെല്ലാം ധോണിയുടെ വിരമിക്കലിനെ കുറിച്ച് വാചാലരാകുന്നു. ഇംഗ്ലണ്ട് ലോകകപ്പിൽ ന്യൂസിലൻഡിനോട് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം എം.എസ്.ധോണി ഇന്ത്യൻ ടീമിനു വേണ്ടി കളിച്ചട്ടില്ല.

ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തുന്നത് ഗൗതം ഗംഭീറാണ്. ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന വിഷയങ്ങളിലൊന്ന് ധോണിയുടെ വിരമിക്കലാമെന്നു ഓരോ തവണയും ഗംഭീർ ആവർത്തിക്കുന്നു. സെലക്ടർമാർ ധോണിയുമായി സംസാരിക്കണമെന്നു ഇതിനു മുൻപും വ്യക്തമാക്കിയ ഗംഭീർ ഇപ്പോൾ പറയുന്നത് ലക്ഷ്യം അടുത്ത ലോകകപ്പായിരിക്കണമെന്നാണ്.

Also Read: ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തിരുത്തി അമേരിക്കയുടെ വനിത താരം അലിസൺ ഫെലിക്സ്

“വിരമിക്കൽ ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. നിങ്ങൾക്ക് ഇഷ്ടമുളള സമയമത്രയും കളിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ട്. എന്നാൽ ഭാവിയെക്കൂടി മുന്നിൽ കാണണം. ധോണി അടുത്ത ലോകകപ്പ് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോൾ പിന്നെ ആരായിരിക്കും നായകൻ? വിരാട് കോഹ്‌ലിയോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ, അവർ ധോണിയോട് സംസാരിക്കണം. നിലവിൽ ഒരു യുവതാരത്തെ വളർത്തിയെടുക്കേണ്ട സമയമാണ്. കാരണം ഇത് ധോണിയെക്കുറിച്ചുള്ള കാര്യമല്ല, രാജ്യത്തെകുറിച്ചുള്ളതാണ്,” ഗംഭീർ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുമ്പോള്‍ സ്വന്തം താത്പര്യങ്ങളും ആഗ്രഹങ്ങളും മാത്രം പരിഗണിച്ച് പരമ്പരകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്നു ഗംഭീര്‍ തുറന്നടിച്ചിരുന്നു. ലോകകപ്പ് ക്രിക്കറ്റിനു ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. ടീമിന്റെ മുന്‍പോട്ടുള്ള യാത്രയില്‍ ധോണിയുടെ സ്ഥാനം എന്താണെന്നതിനെ കുറിച്ച് ബോധ്യം വേണമെന്നും ഗംഭീര്‍ പറഞ്ഞു.

Also Read: എനിക്ക് പറ്റിയ തെറ്റ് നീ ആവര്‍ത്തിക്കരുത്; രോഹിത് ശര്‍മ്മയ്ക്ക് ലക്ഷ്മണിന്റെ ഉപദേശം

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് അധിക സമ്മര്‍ദം നല്‍കരുതെന്നും ഗംഭീര്‍ പറഞ്ഞു. 21 വയസിനിടെ പന്ത് ടെസ്റ്റില്‍ രണ്ട് സെഞ്ചുറികള്‍ നേടി. പന്തിന് അധിക സമ്മര്‍ദം നല്‍കിയാല്‍ അവന്റെ പ്രകടനത്തെ ബാധിക്കും. നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതു ഗുണം ചെയ്യില്ല. വിരാട് കോഹ്‌ലി മാത്രമല്ല പരിശീലകന്‍ രവി ശാസ്ത്രിയും പന്തിനോട് സംസാരിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook