ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ നടന്ന ടെസ്റ്റിലും ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര തൂത്തുവാരി. മാനസിക പോരാട്ടം കൂടിയായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ജൈത്രയാത്ര ആരംഭിച്ചത് ദാദയുടെ ടീമിൽ നിന്നുമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. കൊൽക്കത്തയിൽ നടന്ന മത്സരത്തിന് ശേഷമായിരുന്നു ഇന്ത്യൻ നായകന്റെ പ്രതികരണം.
Also Read: ബോളർ വരെ കയ്യടിച്ച വിരാട് കോഹ്‌ലിയുടെ ക്ലാസിക് കവർ ഡ്രൈവ്
“ടെസ്റ്റ് ക്രിക്കറ്റ് മാനസികമായ പോരാട്ടം കൂടിയാണ്. തലയുയര്‍ത്തി നില്‍ക്കാന്‍ പഠിച്ചുകഴിഞ്ഞു- എല്ലാം ആരംഭിച്ചത് ദാദയുടെ (സൗരവ് ഗാംഗുലിയുടെ) ടീമില്‍ നിന്നാണ്. കഠിന പരിശ്രമം നടത്തുന്നതിന് ഫലമുണ്ട്. ഏത് പിച്ചിലും വിക്കറ്റ് വീഴ്‌ത്താനുള്ള കഴിവ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുണ്ട്. വിദേശത്തും വിക്കറ്റുകള്‍ വീഴ്‌ത്താനാകുമെന്ന് സ്‌പിന്നര്‍മാര്‍ കാട്ടുന്നു. ഇന്ത്യന്‍ ടീം കൃത്യമായ പാതയിലാണ്,” വിരാട് കോഹ്‌ലി പറഞ്ഞു.
ഗ്യാലറി നിറഞ്ഞെത്തിയ ആരാധകർക്കും കോഹ്‌ലി നന്ദി പറഞ്ഞു. കൊൽക്കത്തയിലെ കാണികൾ വിസ്മയമാണെന്ന് പറഞ്ഞ കോഹ്‌ലി മത്സരം നേരത്തെ തന്നെ അവസാനിക്കുമെന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ഇത്രയും കാണികളെ പ്രതീക്ഷിച്ചില്ലെന്നും കൂട്ടിച്ചേർത്തു. കൊൽക്കത്തയിലെ കാണികളെ വലിയ മാതൃകയാണെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു.
Also Read: നായകൻ…ഒന്നാമൻ…; ധോണിയുടെ റെക്കോർഡുകൾ തിരുത്തി ഇന്ത്യയ്ക്ക് തുടർജയങ്ങൾ സമ്മാനിച്ച് വിരാട് കോഹ്‌ലി
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനു 46 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം.ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ് പിന്തുടർന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് 195 ൽ അവസാനിച്ചു. 74 റൺസുമായി മുഷ്‌ഫിഖർ റഹിം ചെറുത്ത് നിൽപ്പിനു ശ്രമിച്ചെങ്കിലും ഇന്ത്യൻ ബോളർമാർ ബംഗ്ലാ വീര്യത്തെ തച്ചുടച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് അഞ്ച് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറിന് 152 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മൂന്നാം ദിനമായ ഇന്ന് 43 റൺസ് കൂടി ചേർക്കാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ തന്നെ ഇന്ത്യയ്‌ക്ക് വിജയിക്കാൻ സാധിച്ചതും ഇരട്ടി മധുരമാണ്.