ദുബായ്: കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിലെ പ്രീസീസൺ പാതി വഴിയിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സ്‌പോൺസറുമായുള്ള അഭിപ്രായ ഭിന്നതയാണ് ടീമിന്റെ മടക്കത്തിന് കാരണം. ദൗത്യം ഭംഗിയായി നിർവഹിക്കാൻ സ്പോൺസർമാർക്ക് സാധിക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കുന്നു. നാല് മത്സരങ്ങളടങ്ങുന്ന പ്രീസീസൺ ടൂർണമെന്റാണ് ബ്ലാസ്റ്റേഴ്സ് ദുബായ്‌യിൽ പദ്ധതിയിട്ടിരുന്നത്. ഇതിൽ ഒരു മത്സരം കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാൽ ബാക്കിയുള്ള മത്സരങ്ങൾ ഉപോക്ഷിച്ച് ടീം നാട്ടിലേക്ക് മടങ്ങും. കൊച്ചിയിലായിരിക്കും ഇനി ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ നടക്കുക.
Also Read: ISL: അടിമുടി മാറ്റവുമായി ക്ലബ്ബുകൾ; കേരള ബ്ലാസ്റ്റേഴ്സ് മാത്രം പുതിയതായി ടീമിലെത്തിച്ചത് 23 താരങ്ങളെ
മിച്ചി സ്‌പോര്‍ട്‌സുമായി സഹകരിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ജോലികളെല്ലാം ഇവരാണ് ചെയ്യുന്നത്. ഇവർ പറഞ്ഞ വാക്കു പാലിച്ചില്ലെന്നും സംഘാടകർ നന്നായി പരിഗണിച്ചില്ലെന്നും ബ്ലാസ്റ്റേഴ്സ്.
മറ്റ് പല നിർദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും ക്ലബ്ബിന് ഏറ്റവും അധികം ആരാധകരുള്ള രണ്ടാമത്തെ സ്ഥലമെന്ന നിലയ്ക്കാണ് യുഎഇ തിരഞ്ഞെടുത്തത്. യുഎഇ ഒരു വീട് പോലെ തന്നെയാണ് അനുഭവപ്പെട്ടതെന്നും വലിയ സ്വീകരണമാണ് ആരാധകർ നൽകിയതെന്നും എന്നാൽ പ്രൊമോട്ടർ പരാജയപ്പെട്ടെന്നും ക്ലബ്ബ് കുറ്റപ്പെടുത്തി.
സെപ്റ്റംബർ ആറിന് നടന്ന ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. ദിബ അല്‍ ഫുജൈറ ക്ലബ്ബിനെയാണ് ബ്ലാസ്റ്റേഴ്സ് ഗോൾരഹിത സമനിലയിൽ തളച്ചത്. സെപ്റ്റംബർ 12ന് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെയും സെപ്റ്റംബർ 20ന് എമിറേറ്റ്‌സ് ക്ലബ്ബിനെതിരെയും സെപ്റ്റംബർ 27ന് അല്‍ നാസര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെയുമായിരുന്നു ബ്ലാസ്റ്റേഴ്സ് നേരിടേണ്ടിയിരുന്നത്.
പുതിയ സീസണിൽ ഏറ്റവും കൂടുതൽ താരങ്ങളെ പുതിയതായി ടീമിലെത്തിച്ചത് കേരള ബ്ലാസ്റ്റേഴ്സാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ആരാധകരോട് മറുപടി നൽകേണ്ട ഉത്തരവാദിത്വം ബ്ലാസ്റ്റേഴ്സിനുണ്ട്. അതുകൊണ്ട് തന്നെ പരിശീലകനിൽ തുടങ്ങിയ മാറ്റം ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കാര്യത്തിലും വ്യാപിപിച്ചു. ഇതുവരെ പുതിയതായി 23 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെത്തിച്ചത്.