കൊച്ചി: ഫുട്ബോളിൽ റഫറിമാരുടെ തീരുമാനം പുനഃപരിശേധിക്കുന്ന വാർ (വീഡിയോ അസ്സിസ്റ്റന്റ് റഫറി) സംവിധാനം ഇന്ത്യൻ സൂപ്പർ ലീഗിലും ഉൾപ്പെടുത്തണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. റഫറിമാരുടെ തീരുമാനങ്ങൾ തുടർച്ചയായി ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആവശ്യവുമായി ജെയിംസ് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ പുണെയ്ക്കെതിരായ മത്സരത്തിൽ അർഹിച്ച ഗോൾ ബ്ലാസ്റ്റേഴ്സിന് റഫറി അനുവദിച്ചിരുന്നില്ല. ഇന്നലെ ബെംഗളൂരുവിനെതിരായ മത്സരത്തിലും റഫറിയുടെ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്സിന് എതിരായിരുന്നു.
ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ കളിച്ച നാല് മത്സരങ്ങളിലും മാച്ച് റഫറിങ് തങ്ങൾക്കെതിരായിരുന്നു. ഒരു പരിധി വരെ വാറിന് ഈ പ്രശ്നങ്ങൾ മറികടക്കാൻ സാധിക്കുമെന്നും റഫറിമാരുടെ പിഴവുകൾ കുറയ്ക്കാൻ ഇത് എന്ത് കൊണ്ടും സഹായകമാണെന്നും ജെയിംസ് പറയുന്നു.
ഐഎസ്എല്ലിലെ മോശം റഫറിങ്ങിനെതിരെ നേരത്തെ പരാതിയുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ കഴിഞ്ഞ കളികളിൽ റഫറി എടുത്ത തെറ്റായ തീരുമാനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മഞ്ഞപ്പട ഐഎസ്എല്‍ ഭാരവാഹികള്‍ക്ക് പരാതി നല്‍കിയത്.