scorecardresearch

‘ക്യാപ്റ്റന്‍- ലെജന്‍ഡ്-ലീഡര്‍’ ഛേത്രിയുടെ ഹാട്രിക്കില്‍ ബെംഗളൂരു എഫ്‌സിക്ക് ഫൈനല്‍ പ്രവേശം

ഐഎസ്എല്ലിന്റെ നാലാം സീസണില്‍ അരങ്ങേറ്റം കുറിച്ച ബെംഗളൂരു എഫ്സി സീസണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമാണ്.

ബെംഗളൂരു : നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ ബെംഗളൂരു എഫ്‌സിക്ക് സെമി ഫൈനല്‍ വിജയം. ഐഎസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സെമിഫൈനല്‍ റൗണ്ടില്‍ പൂനെസിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ഇതോടെ സീസണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമാകും ബെംഗളൂരു എഫ്‌സി. പകരക്കാരനായ് ഇറങ്ങിയ ലൂക്കയാണ് പൂനെയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

തുടക്കം മുതല്‍ ആക്രമോത്സുക ഫുട്ബോളാണ് ഇരു ടീമുകളും പുറത്തെടുത്തത്. രണ്ടാം മിനുട്ടില്‍ തന്നെ ബെംഗളൂരുവിന് ഒരു ഗോള്‍ അവസരം പിറന്നു. പൂനെയുടെ പ്രതിരോധത്തെ തകര്‍ത്തുകൊണ്ട് വലതുവിങ്ങില്‍ കുതിച്ചുപാഞ്ഞ ഉദാന്ത മികച്ചൊരു ക്രോസ് നല്‍കിയെങ്കിലും നായകന്‍ സുനില്‍ ഛേത്രിയുടെ ഷോട്ടിന്റെ ലക്ഷ്യം പിഴക്കുകയായിരുന്നു. നാലാം മിനുട്ടില്‍ മാര്‍സലീഞ്ഞോയിലൂടെ പൂനെയും ഒരവസരം ഉണ്ടാക്കി. ബോക്സിന് തൊട്ടുമുന്‍പില്‍ വച്ച് എടുത്ത ഷോട്ട് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തട്ടിത്തെറിപ്പിക്കുകയായിരുന്നു.

പതിനാലാം മിനുട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ലീഡ് നേടി. പൂനെയില്‍ നിന്നും പന്ത് കൈവശപ്പെടുത്തിയ ബെംഗളൂരു നായകന്‍ വലത് വിങ്ങില്‍ മുന്നേറുകയായിരുന്ന ഉദാന്തയ്ക്ക് പന്ത് കൈമാറുന്നു. രണ്ട് പൂനെ താരങ്ങളെ കവച്ചുവെച്ചുകൊണ്ട് ഉദാന്തയുടെ ക്രോസ് വിശാല്‍ കൈത്തിനെ കവച്ചുവെച്ചുകൊണ്ട് ഛേത്രി ലക്ഷ്യത്തിലെത്തിക്കുന്നു. നായകന്റെ ഹെഡ്ഡറില്‍ ബെംഗളൂരുവിന് ലീഡ്.

സമനില കണ്ടെത്താനായ് പൂനെസിറ്റി ശ്രമിക്കുന്നുണ്ട് എങ്കിലും മികച്ചൊരു അവസരം മിനഞ്ഞെടുക്കാന്‍ അതിഥികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇരുപത്തിയേഴാം മിനുട്ടില്‍ ഇടതുവിങ്ങില്‍ മുന്നേറിയ മാര്‍സിലീഞ്ഞോ നല്ലൊരു ക്രോസ് നല്‍കിയെങ്കില്‍ പന്ത് ലക്ഷ്യത്തിലെത്തിക്കാനായ് പൂനെ താരങ്ങള്‍ ആരും തന്നെ ഉണ്ടായില്ല.

നാല്‍പ്പത്തി ഒന്നാം മിനുട്ടില്‍ സുനില്‍ ഛേത്രിയുടെ മറ്റൊരു ഹെഡ്ഡര്‍ ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പൂനെ പോസ്റ്റിന്റെ വെളിയിലേക്ക്. ബെംഗളൂരുവിന് മികച്ച രണ്ടാമത്തെ അവസരം.

ആദ്യപകുതിക്ക് പിരിയുമ്പോള്‍ നായകന്‍ ഛേത്രിയുടെ ഹെഡ്ഡര്‍ മികവില്‍ മത്സരം ബെംഗളൂരുവിന് അനുകൂലം.

രണ്ടാം പകുതിയില്‍ പൂനെസിറ്റി ഇറങ്ങിയത് പുള്‍ബാക് സഹിലിന് പകരക്കാരനായ് സര്‍ത്തക്കിനെ ഇറക്കിക്കൊണ്ടാണ്. രണ്ടാം മിനുട്ടില്‍ തന്നെ പൂനെ താരത്തിന്റെ ഹെഡ്ഡര്‍ ഗോള്‍ ലക്ഷ്യം പിഴച്ചു. കൂടുതല്‍ പന്തടക്കത്തോടെ കളിക്കുവാനാണ് ആല്‍ബര്‍ട്ട് റോകയുടെ ബെംഗളൂരു ശ്രമിക്കുന്നത്. അമ്പതാം മിനുട്ടില്‍ ഉദാന്താ സിങ്ങിന്റെ ഒരു ലോങ്റേഞ്ച് ശ്രമം ഇഞ്ചുകള്‍ വ്യതാസത്തിലാണ് പൂനെ പോസ്റ്റ് തരണം ചെയ്തത്.

അമ്പത്തിരണ്ടാം മിനുട്ടില്‍ ബംഗളൂരു പോസ്റ്റിനടുത്ത് വച്ച് പൂനെസിറ്റിയ്ക്ക് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും അത് നഷ്ടപ്പെടുത്തുകയായിരുന്നു. തുടരെ തുടരെ രണ്ട് അവസരങ്ങള്‍ ഉണ്ടാക്കാന്‍ പൂനെക്കായപ്പോള്‍ ഒന്ന് ഗുര്‍പ്രീത് അനായാസം തട്ടിതെറിപ്പിക്കുകയും രണ്ടാമത്തേത് ഹെഡ് ചെയ്യുന്നതില്‍ അല്‍ഫാരോ പരാജയപ്പെടുകയും ചെയ്തു.

ഒരു മണിക്കൂര്‍ തികയാന്‍ രണ്ട് മിനുട്ട് ബാക്കിയുള്ളപ്പോള്‍ ബോയ്താങ് ഹയോകിപ്പിന് പകരം ലെനി റോഡ്രിഗസിനെ ഇറക്കിക്കൊണ്ട് ബെംഗളൂരുവിന്റെ ആദ്യ സബ്സ്റ്റിറ്റ്യൂഷന്‍. മുന്നേറ്റതാരത്തിന് പകരം ഡിഫന്‍സീവ് സ്വഭാവമുള്ള മധ്യനിര താരത്തെ ഇറക്കുന്നത് വഴി ആദ്യപകുതിയില്‍ മഞ്ഞ കാര്‍ഡ് കണ്ട പുള്‍ബാക് ശുഭാശിഷിനെ സഹായിക്കാനാണ് ബെംഗളൂരു മാനേജരുടെ ശ്രമം.

അറുപത്തിമൂന്നാം മിനുട്ടില്‍ ബെംഗളൂരുവിന് പെനാല്‍റ്റി ഗോള്‍. പകരക്കാരനായ് ഇറങ്ങിയ സര്‍തക് ആണ് ഛേത്രിയെ ബോക്സില്‍ വച്ച് ഫൗള്‍ ചെയ്തത്. പെനാല്‍റ്റിയെടുത്ത ഛേത്രി അനായാസമായൊരു ഫിനിഷ് കണ്ടെത്തി.

ഒരു മടങ്ങിവരവിനായ് അതിഥികള്‍ ശ്രമിക്കുന്നുണ്ട് എങ്കിലും ബെംഗളൂരുവിന്റെ പ്രതിരോധ കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ അവര്‍ക്കാകുന്നില്ല. അതേസമയം ഏറെ സംയമനത്തോടെ കളിക്കുന്ന ബെംഗളൂരുവിന് പൂനെയുടെ പിഴവുകള്‍ മുന്നേറ്റങ്ങളാക്കാന്‍ ആകുന്നുണ്ട്. എഴുപത്തിയഞ്ച് മിനുട്ട് പിന്നിടുമ്പോഴേക്കും പൂനെ മൂന്ന് സബ്സ്റ്റിറ്റ്യൂഷനും പൂര്‍ത്തിയാക്കി.

എണ്‍പത്തിയൊന്നാം മിനുട്ടില്‍ ബെംഗഗളൂരു ബോക്സിനടുത്ത് വീണുകിട്ടിയ ഫ്രീ കിക് ഗോളാക്കികൊണ്ട് പൂനെസിറ്റി ഒരു തിരിച്ചുവരവിന്. പകരക്കാരനായി ഇറങ്ങിയ ലൂക്കയാണ് ഗുര്‍പ്രീത് സിങ് സന്ധുവിനെ മറികടന്നുകൊണ്ട് മികച്ചൊരു ഗോള്‍ കണ്ടെത്തിയത്.

തൊണ്ണൂറ് മിനുട്ടിന് രണ്ട് മിനുട്ട് ബാക്കിനില്‍ക്കെ സുനില്‍ ഛേത്രിയുടെ ഹാട്രിക് ഗോളില്‍ വിജയം ബെംഗളൂരു ആധിപത്യം ഊട്ടിയുറപ്പിക്കുന്നു. കണ്ടീരവ സ്റ്റേഡിയത്തിലെ വെസ്റ്റ്‌ബ്ലോക്കിലുയര്‍ന്ന ‘ക്യാപ്റ്റന്‍- ലെജന്‍ഡ്-ലീഡര്‍’ എന്ന ടിഫോ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ഛേത്രിയുടെ ഹാട്രിക്. നായകന്റെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെംഗളൂരു എഫ്സിക്ക് വിജയം. ഐഎസ്എല്ലിന്റെ നാലാം സീസണില്‍ അരങ്ങേറ്റം കുറിച്ച ബെംഗളൂരു എഫ്സി സീസണില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl semi final bengaluru fc punecity

Best of Express