മുംബൈ: കന്നി ഐഎസ്എൽ കിരീടം ലക്ഷ്യംവച്ച് പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തിരിച്ചടി. കഴിഞ്ഞ സീസണുകളിൽ ടീമിന്റെ നായകനും പ്രതിരോധത്തിലെ കുന്തമുനയുമായ സന്ദേശ് ജിങ്കന് പരുക്ക്.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനൊപ്പമുള്ള ജിങ്കന് പരിശീലന മത്സരത്തിനിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കാൽമുട്ടിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 15ന് നടക്കുന്ന ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ജിങ്കൻ കളിക്കില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കിയിട്ടുണ്ട്.

പരുക്ക് ഭേദമാകാൻ വൈകിയാൽ അത് കേരള ബ്ലാസ്റ്റേഴ്സിനും വലിയ തിരിച്ചടിയാകും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന ജിങ്കൻ ഇന്ത്യൻ ടീമിലും പ്രതിരോധത്തിന്റെ ഉരുക്ക് കോട്ടയാണ്. കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന പരിശീലന മത്സരത്തിനിടെയാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെങ്കിലും സീസണിലെ ആദ്യ മൽസരങ്ങളിൽ ജിങ്കാൻ പുറത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

ഒമാനെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായാണ് സന്ദേശ് ജിങ്കൻ പരുക്കിൽനിന്ന് മുക്തനായി ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയത്. ഒമാനെതിരെയും ഖത്തറിനെതിരെയും നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ജിങ്കന്റെ പ്രകടനം നിർണായകമായിരുന്നു. ഖത്തറിനെതിരെ ജിങ്കന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധമാണ് ഇന്ത്യൻ ടീമിന് സമനില സമ്മാനിച്ചത്.

ഒക്ടോബർ 20നാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. വിവിധ വേദികളിലായി പത്ത് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്. 2020 മാർച്ചിലായിരിക്കും മത്സരങ്ങൾ അവസാനിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook