പൂനെ : വാശിയേറിയ മത്സരത്തില്‍ മൂന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പുനേക്ക് ഡല്‍ഹി ഡൈനാമോസിനെതിരെ ഹോം ഗ്രൗണ്ടില്‍ പരാജയം.

ഗോള്‍ കാണാതെ പിരിഞ്ഞ ആദ്യപകുതിയില്‍ കടുത്ത മത്സരമാണ് ഇരുടീമുകളും കാഴ്ച്ചവെച്ചത്. രണ്ടാം പകുതിയുടെ ആദ്യ മിനുട്ട് മുതല്‍ ആവേശരമായൊരു മത്സരത്തിന് തന്നെയാണ് പൂനെയിലെ ബാലേവാഡി സ്റ്റേഡിയം സാക്ഷിയായത്. 46ാം മിനുട്ടില്‍ ലെഫ്റ്റ് ഫ്ലാങ്കില്‍ നിന്നും ലാല്ലിന്‍സുവാല തുടുത്തുവിട്ട ക്രോസില്‍ പൊളീഞ്ഞോ ഡയസ് ഹെഡ്ഡറിലൂടെ ഗോള്‍ കാണുകയായിരുന്നു.

തുടര്‍ന്ന് അമ്പത്തിനാലാം മിനുട്ടില്‍ ലാല്ലിന്‍സുവാല തന്നെ ഇടതു വിങ്ങില്‍ നടത്തിയ മുന്നേറ്റത്തിലൂടെ മറ്റൊരു ഗോള്‍ കണ്ടെത്തി. പൂനെയുടെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കികൊണ്ടായിരുന്നു മിസോറാമില്‍ നിന്നുമുള്ള ഈ ഇരുപതുകാരന്‍റെ ഗോള്‍.

തുടര്‍ന്ന് അറുപത്തിയഞ്ചാം മിനുട്ടില്‍ പ്രീതം കൊട്ടാലിന്‍റെ ക്രോസിലൂടെ മാറ്റിയസ് മിറാബാജെയും ഡല്‍ഹിക്ക് വേണ്ടി മൂന്നാമത്തെ ഗോള്‍ കണ്ടെത്തി. രണ്ടു മിനുട്ടുകള്‍ക്ക് ശേഷം മുന്‍ ഡല്‍ഹി താരം എമിലിയാനോ അല്‍ഫാരോവിലൂടെ പൂനെ ഒരു ഗോള്‍ മടക്കിനല്‍കി എങ്കിലും കൂടുതല്‍ ഒന്നും നേടാന്‍ ആതിഥേയര്‍ക്കായില്ല.
അധികസമയത്തിലെ നാലാം മിനുട്ടില്‍ ഡല്‍ഹി ബോക്സിനരികില്‍ പൂനെയ്ക്ക് നല്ലൊരു ഫ്രീകിക്ക് കിട്ടിയെങ്കിലും ഗോള്‍ നേടാനായില്ല. അവസാന മിനുട്ടില്‍ മാര്‍കോസ് ടെബാറിലൂടെ അവസാന ഗോള്‍ നേടിക്കൊണ്ട് പൂനെ നാണക്കേട് ഒഴിവാക്കി.

ഒരു ഗോള്‍ നേടുകയും ഒരു ഗോള്‍ അസിസ്റ്റ് ചെയ്യുകയും ചെയ്ത ലാല്ലിന്‍സുവാലയാണ് കളിയിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ