ഐഎസ്എലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ടെങ്കിലും ചെന്നൈയിന്‍ എഫ് സി, എഫ് സി ഗോവയെ പരാജയപ്പെടുത്തിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് നേട്ടമായത്. ഇനിയുള്ള മത്സരങ്ങളില്‍ പരാജയപ്പെട്ടാലും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് നിലനിര്‍ത്തും.
നിലവില്‍ 31 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സിക്കുമെതിരെയാണ് ഇനി മത്സരം. അഞ്ചാമതുള്ള എടികെയ്ക്ക് 28 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് 39 പോയിന്റുമാണ്
തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിന്റെ പ്ലേ ഓഫിലെത്തുന്നത്. ഗോവയില്‍ വെച്ചു നടന്ന കഴിഞ്ഞ സീസണില്‍ ഉജ്ജ്വല കുതിപ്പ് നടത്തി പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഐ എസ് എല്‍ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാംപ്ലേ ഓഫ് പ്രവേശനം കൂടിയാണിത്. കഴിഞ്ഞ സീസണ് പുറമേ 2014, 2016 സീസണുകളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിന് മുന്‍പ് പ്ലേ ഓഫ് കണ്ടത്.
കേരള ബ്ലാസ്റ്റേഴ്‌സിന് പുറമേ ബെംഗളൂരു എഫ് സിയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. 31 പോയിന്റാണ് നിലവില്‍ ബെംഗളൂരുവിന്റെ സമ്പാദ്യം. മുംബൈ സിറ്റി എഫ് സിയും, ഹൈദരാബാദ് എഫ് സിയും പോയിന്റ് പട്ടികയിലെ ആദ്യ 2 സ്ഥാനങ്ങള്‍ ഉറപ്പിച്ച് സെമി യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഈ സീസണ്‍ മുതല്‍ പോയിന്റ് പട്ടികയില്‍ ആദ്യ 6 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് പ്ലേ ഓഫിലേക്ക്യോഗ്യത നേടുന്നത്.