ഗുവാഹത്തി: ഐഎസ്എല്ലിന്റെ നാലാം സീസണിലെ രണ്ടാം മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ്-ജംഷഡ്പുർ എഫ്സി മത്സരമാണ് ഗോളൊന്നും പിറക്കാതെ അവസാനിച്ചത്.

പരിചയ സമ്പന്നരായ നോർത്ത് ഈസ്റ്റിനു മുന്നിൽ ആദ്യം പതറിയ ജംഷെഡ്പൂർ പക്ഷേ മത്സരത്തിലേക്കു തിരിച്ചെത്തി പുറത്തെടുത്തത് മികച്ച പ്രകടനം. മലയാളികളുടെ പ്രിയപ്പെട്ട സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിൽ കളത്തിലിറങ്ങിയ ജംഷെഡ്പൂർ എഫ്സിക്കു കളിയുടെ ആരംഭത്തിൽ പക്ഷേ തുടക്കക്കാരുടെ പതർച്ച മറച്ചു വയ്ക്കാനായില്ല.

കൂടുതൽ‌ അക്രമണോൽസുകരായ നോർത്ത് ഈസ്റ്റിനെയാണ് കളിയിൽ കണ്ടത്. തുടരെത്തുടരെ ജംഷെഡ്പൂറിന്റെ ഗോൾമുഖത്തേക്ക് മുന്നേറ്റങ്ങളുണ്ടായിക്കൊണ്ടേയിരുന്നു. എന്നാൽ ഗോൾ കീപ്പർ സുബ്രതാ പാലിനു മുന്നിൽ എല്ലാം നിഷ്ഫലമാവുകയായിരുന്നു.

78-ാം മിനിറ്റിൽ ആന്ദ്ര ബിക്കെ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതോടെ ജംഷഡ്പൂർ പത്ത് പേരായി ചുരുങ്ങിയെങ്കിലും അത് മുതലാക്കാൻ നോർത്ത് ഈസ്റ്റിന് സാധിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ