കൊച്ചി : നോക്ക് ഔട്ടില്‍ അറ്റ്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പരാജയപ്പെട്ട് പുറത്തുപോകേണ്ടി വന്നു എന്നാതൊഴിച്ചു നിര്‍ത്തിയാല്‍ 2016 സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളില്‍ ഒന്നാണ് മുംബൈ സിറ്റി എഫ്സി. പോയന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായിരുന്ന മുംബൈ എഫ്സി ഈ വര്‍ഷവും കടുത്ത മത്സരം കാഴ്ചവെക്കും എന്നുറപ്പ്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിന്‍റെ സാരഥ്യം ഏറ്റെടുത്ത അലക്സാണ്ട്രെ ഗിമാരെയ്സുമായുള്ള കരാര്‍ തുടര്‍ന്നു എന്ന് മാത്രമല്ല. ഇരുപത്തിയഞ്ചുപേര്‍ അടങ്ങിയ സ്ക്വാഡില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന ഏഴ് പേരെ അതുപോലെ ഉള്‍ക്കൊള്ളിക്കുവാനും മുംബൈ സിറ്റി ശ്രദ്ധിച്ചു.

ഐഎസ്എല്‍ ടീമുകളില്‍ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരുള്ള ക്ലബ്ബാണ്‌ മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ക്ലീന്‍ ചീട്ടുകള്‍ ലഭിച്ച അമരീന്ദര്‍ സിങ്ങിനു പുറമേ അരിന്ദം ഭട്ടാചാര്യയെന്ന മികച്ചൊരു ഗോള്‍കീപ്പര്‍ കൂടി ഈ വര്‍ഷം മുംബൈയുടെ പാളയത്തില്‍ എത്തിച്ചേര്‍ന്നു. കുനാല്‍ സാവന്ത് മറ്റൊരു ഗോള്‍കീപ്പര്‍ ആണെങ്കിലും സാധ്യത കുറവാണ്.

പ്രതിരോധനിരയില്‍ സെന്‍റര്‍ ബാക്കുകളായ ജെര്‍സന്‍, ഗോയന്‍ എന്നീ വിദേശ താരങ്ങളെ നിലനിര്‍ത്തുന്നതോടൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെച്ച റൈറ്റ് ബാക്ക് ഐബോര്‍ലാങ് കോങ്ജിയേയും മുംബൈ ഡ്രാഫ്റ്റ് വഴി സ്വന്തമാക്കി.

മധ്യനിര താരം സെഹ്നാജ് സിങ് ഡ്രാഫ്റ്റിനു വിട്ടുനല്‍കാതെ മുംബൈ നിലനിര്‍ത്തിയ മുതിര്‍ന്ന താരമാണ്. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ലിയോ കോസ്റ്റ ഈ തവണയും കൂടി മുംബൈ സിറ്റിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പത്തൊമ്പത് കാരന്‍ സ്ട്രൈക്കര്‍ രാകേഷ് ഓറം ക്ലബ്ബ് നിലനിര്‍ത്തിയ അണ്ടര്‍ 21 താരവുമാണ്.

ലൂസിയാന്‍ ഗോയന്‍

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0​ : ജംഷഡ്പൂര്‍ എഫ്‌സി അവലോകനം

പ്രതിരോധനിരയില്‍ ഏറെ അനുഭവസമ്പത്തുള്ള ബ്രസീലിയന്‍ മാര്‍സിയോ റോസാരിയോ, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ അചില്ലേ എമാന, മുന്‍ പാരിസ് സെയിന്‍റ് ജര്‍മന്‍ സെന്‍റര്‍ ഫോര്‍വേഡ് എവര്‍ട്ടന്‍ സാന്‍റോസ്, ബ്രസീലിയന്‍ വിങ്ങര്‍ തിയാഗോ സാന്റോസ്, സ്പാനിഷ് ലീഗിലെ അനുഭവസമ്പത്ത് കൈമുതലാക്കിയ സെന്‍റര്‍ ഫോര്‍വേഡ് റാഫാ ജോര്‍ഡ എന്നിവരാണ് മുംബൈക്ക് വേണ്ടി ഈ തവണ ബൂട്ടണിയുന്ന മറ്റ് വിദേശതാരങ്ങള്‍.

ഇതോടൊപ്പം ഡ്രാഫ്റ്റില്‍ നിന്നും ചില മികച്ച താരങ്ങളേയും സ്വന്തമാക്കാന്‍ മുംബൈ സിറ്റി എഫ്സിക്ക് സാധിച്ചു. പ്രതിരോധത്തില്‍ കഴിഞ്ഞ സീസണില്‍ എഫ്സി ഗോവയുടെ സെന്‍റര്‍ ബാക്കായി ഇറങ്ങിയ രാജു ഗൈക്വാദും, കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്സിയുടെ റൈറ്റ് ബാക്ക് പോസീഷനില്‍ തിളങ്ങിയ കശ്മീരി താരം മെഹ്റാജുദ്ദീന്‍ വാഡുവും എടുത്ത് പറയേണ്ട സൈനിങ്ങുകള്‍. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാനാകുന്ന മെഹ്റാജുദ്ദീന്‍ എന്ന താരം ഏതൊരു കബ്ബിനും മുതല്‍ക്കൂട്ടാണ്.

മലപ്പുറംകാരനായ സക്കീര്‍ മുണ്ടംപാറ ടീമിലുണ്ട് എങ്കിലും കടുത്ത മത്സരമുള്ള മുംബൈ മധ്യനിരയില്‍ അലക്സാണ്ട്രെ ഗിമാരെ സക്കീറിന് അവസരം നല്‍കുമോ എന്ന് കണ്ടുതന്നെ അറിയണം. മിഡ്ഫീല്‍ഡര്‍ സഞ്ജു പ്രദാനാണ് മറ്റൊരു മികച്ച മധ്യനിര താരം. ഗോള്‍മുഖത്ത് അവസരങ്ങള്‍ ഒരുക്കുന്നതില്‍ സഞ്ജുവിന്‍റെ വേഗത ഗുണം ചെയ്യും എന്നത് തീര്‍ച്ച. ഇരുപത്തിമൂന്നുകാരനായ അബിനസ് റൂയിദാസ് അറ്റാക്കിങ് മിഡ്ഫീല്‍ഡിലും വിങ്ങുകളിലും കളിക്കാന്‍ പ്രാപ്തിയുള്ള താരമാണ്.

മുംബൈ സിറ്റി എഫ്സിയില്‍ താരതമ്യേന ദുര്‍ബലമായി അനുഭവപ്പെടുന്നത് അക്രമനിരയാണ്. മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് മുംബൈയുടെ ഫോര്‍വേഡ് സ്ക്വാഡില്‍ കളിക്കുന്നത്. ഏഐഎഫ്എഫിന്‍റെ എലീറ്റ് അക്കാദമി താരമായി രാകേഷ് ഓറത്തില്‍ മുംബൈക്ക് ഏറെ പ്രതീക്ഷയുണ്ട്. എങ്കിലും വിദേശതാരങ്ങളോടടക്കം മത്സരിക്കുന്ന രാകേഷിന് എത്രമാത്രം അവസരങ്ങള്‍ കൈവരും എന്നത് സംശയമാണ്. ഡിഎസ്കെ ശിവാജിയന്‍സിന്‍റെ കണ്ടെത്തലായ പതിനെട്ടുകാരന്‍ പ്രഞ്ചള്‍ ഭൂമിജ് അവസരം ലഭിക്കുകയാണ് എങ്കില്‍ അത്ഭുതം കാട്ടിയേക്കും. അസ്സമില്‍ നിന്നുമുള്ള ഈ താരത്തിന് ഐ ലീഗില്‍ നാല് കളികളില്‍ നിന്നും ഒരു ഗോള്‍ സമ്പാദ്യമുണ്ട്.

ബല്‍വന്ത് സിങ് പരിശീലന മത്സരത്തി\നിടയില്‍ (വെള്ള ജെഴ്സി)

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : എഫ്‌സി ഗോവ അവലോകനം

ഇന്ത്യന്‍ ദേശീയ താരം കൂടിയായ ബല്‍വന്ത് സിങ്ങാണ് ടീമിലെ മറ്റൊരു സ്ട്രൈക്കര്‍. മുപ്പതുകളിലേക്ക്‌ പ്രവേശിച്ച ബല്‍വന്ത് സിങ്ങിന്‍റെ മികവ് പ്രായത്തിനൊപ്പം വര്‍ദ്ധിക്കുകയാണ് എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. പഞ്ചാബില്‍ നിന്നുമുള്ള ക്ലബ്ബായ ജെസിടിയില്‍ കരിയര്‍ ആരംഭിച്ച ബല്‍വന്ത്, ഇന്ത്യന്‍ ഫുട്ബാളിലെ വമ്പന്‍ പേരുകളായ സാല്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, മോഹന്‍ ബഗാന്‍ എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. കരിയറില്‍ ഏറെ വൈകിയാണ് ദേശീയ ടീമിലേക്ക് വിളി വന്നത് എങ്കിലും സ്റ്റേഫന്‍ കോണ്‍സ്റ്റന്‍റ്റിനു കീഴിലുള്ള ഇന്ത്യന്‍ ടീമിനെ ഏഷ്യാ കപ്പ്‌ യോഗ്യതാ മത്സരത്തില്‍ ജയിപ്പിച്ചത് ബല്‍വന്ത് സിങ്ങിന്‍റെ രണ്ടു ഗോളുകളാണ്. ഏറെ മികച്ച ഫോമിലാണ് താരം എന്നതില്‍ കോച്ച് അലക്സാണ്ട്രെ ഗിമാരെയ്സിന് പ്രതീക്ഷിക്കാം.

ടീം

ഗോള്‍കീപ്പേഴ്സ് : അമരീന്ദര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, കുണാല്‍ സാവന്ത്

ഡിഫണ്ടേഴ്സ് : ലൂസിയാന്‍ ഗോയന്‍, മാര്‍സിയോ റോസാരിയോ, ജെര്‍സന്‍ വിയേര, രാജു ഗൈക്വാദ്, ദവിന്ദര്‍ സിങ്, മെഹ്റാജുദ്ദീന്‍ വാഡൂ, ഐബര്‍ലങ് ഖോങ്ജി, ബിശ്വജിത് സാഹ, ലാല്‍ച്ചവ്ങ്കിമ

മിഡ്ഫീല്‍ഡേഴ്സ് : തിയാഗോ സാന്‍റോസ്, ലിയോ കോസ്റ്റ, അകില്ലേ എമാന, സെഹനാജ് സിങ്, രാകേഷ് ഓറം, സകീര്‍ മുണ്ടംപാറ, സഹില്‍ ടവോറ, അഭിനാസ് റൂയിദാസ്, സഞ്ജു പ്രദാന്‍

ഫോര്‍വേഡ്സ് : റാഫ ജോര്‍ഡ, എവര്‍ട്ടന്‍ സാന്റോസ്, പ്രഞ്ചല്‍ ഭൂമിജ്, ബല്‍വന്ത് സിങ്

ഫുട്ബാള്‍ മാനേജിങ് രംഗത്ത് ഒന്നര പതിറ്റാണ്ടിന്‍റെ അനുഭവസമ്പത്തുള്ള മാനേജരാണ് അലക്സാണ്ട്രെ ഗിമാരെസ്. വിവിധ പ്രൊഫഷണല്‍ ക്ലബ്ബുകളുടേയും കോസ്റ്റോറിക്കന്‍ ദേശീയ ടീമിന്‍റെയും ഹെഡ് കോച്ചായിട്ടുള്ള ഈ അമ്പത്തിയെട്ടുകാരന്‍റെത് മികച്ച ട്രാക്ക് റിക്കോഡ്‌ ആണ്. 2002 ലോകകപ്പില്‍ ദേശീയ ടീമിനെ എത്തിച്ച അലക്സാണ്ട്രെ ഗിമാരെസിന്‍റെ പ്രാഗത്ഭ്യം ഇന്ത്യന്‍ മണ്ണിലും വിത്തിടും എന്ന്‍ തന്നെ പ്രതീക്ഷിക്കാം. ആദ്യ രണ്ട് സീസണിലെ തിരിച്ചടികളില്‍ നിന്നും മുംബൈ സിറ്റി എഫ്സിയെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ച മിടുക്ക് ഈ വര്‍ഷം കപ്പിലേക്കും എത്തും എന്ന്‍ തന്നെയാവും മുംബൈ ആരാധകരും പ്രതീക്ഷിക്കുന്നത്.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ബെംഗളൂരു എഫ്‌സി അവലോകനം

കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്നതും ഈ വര്‍ഷം വീണ്ടും ടീമിലെത്തിയതുമായ ഏഴോളം താരങ്ങള്‍ മുംബൈയുടെ ആദ്യ പതിനൊന്നില്‍ കളിക്കുവാനുള്ള സാധ്യത ഏറെയാണ്‌. ഇവര്‍ക്ക് പുറമേ മറ്റ് ചില താരങ്ങളും പ്രധാന റോളുകളില്‍ എത്തും എന്ന് തീര്‍ച്ച. സുനില്‍ ഛേത്രി എന്ന മികവിന് പകരംവെക്കാന്‍ എത്തുന്ന ബല്‍വന്ത് സിങ്ങും സ്ട്രൈക്കര്‍മാരായി ടീമിലെത്തിയ വിദേശ താരങ്ങളും ഏറെ സാധ്യതയുള്ളവര്‍. 4-4-1-1 എന്ന തന്‍റെ പ്രിയപ്പെട്ട ഫോര്‍മേഷനു പുറമേ 4-2-3-1വൈഡ് ഫോര്‍മേഷനിലും അലക്സാണ്ട്രെ ഗിമാരെസിന്‍റെ മുംബൈ സിറ്റി ഇറങ്ങും എന്ന് അനുമാനിക്കാം.

ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്ങും അരിന്ദം ഭട്ടാചാര്യയും ഏറെ മികവുറ്റവര്‍. എതിര്‍ ടീമുകളുടെ തന്ത്രങ്ങള്‍ക്കനുസരിച്ച് ഇവരെ മാറ്റി മാറ്റി ഉപയോഗിക്കുവാനാണ് സാധ്യത. ആറടി പൊക്കമുള്ള അമരീന്ദര്‍ സിങ് ഒന്നാമത്തെ ഓപ്ഷന്‍ തന്നെ. എന്നാല്‍ ഗോള്‍കീപ്പര്‍ റിഫ്ലക്സിന്‍റെ കാര്യത്തില്‍ അരിന്ദമാവാം അല്‍പ്പം മുന്നില്‍. നായകന്‍ ലൂസിയാന്‍ ഗോയാനും ജെര്‍സന്‍ വിയേരയും സെന്‍റര്‍ ബാക്ക് പോസീഷനില്‍ ഉറപ്പായും ഉണ്ടാവും. അവര്‍ക്ക് വിശ്രമം ആവശ്യപ്പെടുമ്പോള്‍ പകരം വെക്കാന്‍ മാര്‍സിയോ റൊസാരിയോ ഉണ്ട്. ഐബോര്‍ലാങ് കോങ്ജി രാജു ഗൈക്വാദും പുള്‍ ബാക്കുകല്‍.

സെന്‍റര്‍ മിഡ്ഫീല്‍ഡില്‍ സെഹനാജ് സിങ്ങിനെ ഉറപ്പിക്കാം. സഹില്‍ ടവോരയും ഏറെ സാധ്യത കല്‍പ്പിക്കുന്ന മധ്യനിരതാരമാണ്. ഇനി ഡിഫന്‍സീവ് ആയ മധ്യനിര താരം വേണമെങ്കില്‍ സെഹനാജിനൊപ്പം മെഹ്റാജുദ്ദീന്‍ വാഡുവിനെ ഉപയോഗിച്ചാല്‍ മികച്ചൊരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് കൂട്ടുകെട്ട് തന്നെ കാഴ്ച്ചവെക്കാനാകും. കോസ്റ്റയെ വലത് മിഡ്ഫീല്‍ഡും തിയാഗോ സാന്റോസിനെ ഇടതു മിഡ്ഫീല്‍ഡും ഏല്‍പ്പിച്ചാല്‍ വേഗത കൂടും. വിദേശ താരം എമാനയും പകരക്കാരനായി അഭിനസ് റൂയിദാസും അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഏറെ സമ്മര്‍ദം തീര്‍ക്കാന്‍ പ്രാപ്തിയുള്ള താരങ്ങളാണ്. സഞ്ജയ്‌ പ്രദാനേയും വിങ്ങുകളില്‍ പകരക്കാരനാക്കാനായി ഉപയോഗിക്കുവാനാകും. ബല്‍വന്ത് സിങ് സെന്‍റര്‍ ഫോര്‍വേഡും ആയൊരു ടീമിന് ഏറെ സാധ്യതയുണ്ട്.

രണ്ടാമത്തെ സാധ്യതയായ 4-4-1-1 എന്ന അലക്സാണ്ട്രെ ഗിമാരെസിന്‍റെ പ്രിയപ്പെട്ട ഫോര്‍മേഷനില്‍ ആണ് എങ്കില്‍ ശക്തമായൊരു മധ്യനിര തന്നെയാണ് മുംബൈക്ക് ഉള്ളത്. സെഹനാജും സഹില്‍ ടവോരയും സെന്റര്‍ മിഡ്ഫീല്‍ഡില്‍ കളിക്കുമ്പോള്‍ ലിയോ കോസ്റ്റയും തിയാഗോ സാന്റോസിനെ വലതും ഇടതും മിഡ്ഫീല്‍ഡില്‍ കളിക്കും. അറ്റാക്കിങ് സ്വഭാവമുള്ള മധ്യനിരതാരം എമാനോയെയോ റാഫാ ജോര്‍ഡയേയോ സെക്കണ്ടറി സ്ട്രൈക്കര്‍ സ്ഥാനത്തും ബല്‍വന്ത് സിങ്ങിനെ സെന്‍റര്‍ ഫോര്‍വേഡായും കളിപ്പിക്കാം.

വിദേശ സെന്‍റര്‍ ഫോര്‍വേഡുകളായ റാഫാ ജോര്‍ഡയും സാന്റോസും കഴിഞ്ഞ സീസണില്‍ ഒരു ഗോള്‍ പോലും നേടാത്തവരാണ് എന്നത് അവരുടെ ഫോര്‍മിന്‍റെ കാര്യത്തില്‍ സംശയമുയര്‍ത്തുന്ന ഘടകമാണ്. അതിനാല്‍ മികച്ച ഫോര്‍മിലുള്ള ഇന്ത്യന്‍ സ്ട്രൈക്കര്‍ ബല്‍വന്തിലാവും അലക്സാണ്ട്രെ ഗിമാരെസ് കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുക.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ചെന്നൈയിന്‍ എഫ്‌സി അവലോകനം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook