മുൻ പോർച്ചുഗീസ് ഇന്റർനാഷണൽ ഇന്ത്യയിലേക്ക്; മുംബൈ സിറ്റി പരിശീലകനായേക്കും

പതിനൊന്നോളം ടീമുകളെയാണ് കോസ്റ്റ ഇതുവരെ പരിശീലിപ്പിച്ചിട്ടുള്ളത്. ഈ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനാണ് മുംബൈ ലക്ഷ്യമിടുന്നത്

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി പരിശീലകനാകാൻ മുൻ പോർച്ചുഗീസ് താരം ജോർജ്ജ് കോസ്റ്റ എത്തിയേക്കുമെന്ന് സൂചന. കഴിഞ്ഞ സീസണിൽ മുംബൈ പരിശീലിപ്പിച്ച കോസ്റ്റാറിക്കക്കാരൻ അലക്സാന്ദ്രേ ഗുമിറസിന് പകരക്കാരനായാണ് കോസ്റ്റ മുംബൈയിൽ എത്തുന്നത്.

നേരത്തെ കോസ്റ്റ പരിശീലകനാകുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. എന്നാൽ കഴിഞ്ഞയാഴ്ച കോസ്റ്റ ടീമുമായി കരാറിലെത്തിയതെന്ന് പ്രമുഖ സ്പോർട്സ് മാധ്യമമായ ഗോൾ ഡോട് കോമാണ് റിപ്പോർട്ട്‌ ചെയ്യുന്നത്.

2014-2016 കാലഘട്ടത്തിൽ ഗാബോൺ ദേശീയ ടീമിനെ പരിശീലിപ്പിച്ച കോസ്റ്റ നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ടൂർസ് എഫ്സി പരിശീലകനാണ്. പതിനൊന്നോളം ടീമുകളെയാണ് കോസ്റ്റ ഇതുവരെ പരിശീലിപ്പിച്ചിട്ടുള്ളത്. ഈ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനാണ് മുംബൈ ലക്ഷ്യമിടുന്നത്.

പ്രമുഖ പോർച്ചുഗീസ് ക്ലബ്ബുകളായ ബ്രാഗ, ഓലനെയ്‌സ് തുടങ്ങിയവയുടെ പരിശീലകനായി തുടങ്ങിയ കോസ്റ്റ, റൊമാനിയൻ ലീഗിൽ സിഎഫ്ആർ ക്ലജ്ജിന് കിരീടവും സമ്മാനിച്ചിട്ടുണ്ട്. ഇതാദ്യമായാണ് അദ്ദേഹം ഒരു ഏഷ്യൻ ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽനിന്നും മുംബൈയെ കരകയറ്റുകയെന്നതാകും കോസ്റ്റക്ക് മേലുള്ള പ്രധാന ഉത്തരവാദിത്വം. ക്യാപ്റ്റൻ ലൂസിയാൻ ഗോയിന്റെ കരാർ മാത്രമാണ് മുംബൈ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. കൂടുതൽ വിദേശ താരങ്ങളുമായി ടീം ഉടൻ തന്നെ കരാർ ഒപ്പിടുമെന്നാണ് ലഭിക്കുന്ന സൂചന.

2016 ലാണ് അലക്സാന്ദ്രേ ഗുമിറസ്‌ മുംബൈ പരിശീലകനായി സ്ഥാനമേൽക്കുന്നത്. ആദ്യ സീസണിൽ മുംബൈയെ സെമി ഫൈനൽ വരെയെത്തിച്ചിരുന്നു ഗുമിറസ്. പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്ന മുംബൈ സെമിയിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയോട് പരാജയപ്പെടുകയായിരുന്നു. പക്ഷെ കഴിഞ്ഞ സീസണിൽ മുബൈയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 7 -ാം സ്ഥാനത്താണ് 2017-2018 സീസണിൽ മുംബൈ ഫിനിഷ് ചെയ്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl mumbai city fc jorge costa as head coach

Next Story
വയനാടൻ ചുരം ഇറങ്ങി ഇന്ത്യൻ നായികയായി; ജീന പിന്നിട്ടത് ചില്ലറ ദൂരമല്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com