/indian-express-malayalam/media/media_files/uploads/2018/10/Sahal-A-Samad.jpg)
സഹൽ അബ്ദുൾ സമദ്
കൊച്ചി: മുംബൈയ്ക്ക് എതിരെ സ്വന്തം മൈതാനത്ത് പോരാട്ടത്തിന് ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേർസ്. ഇക്കുറി പക്ഷെ സമ്മർദ്ദം തീരെയില്ല. ആദ്യ മത്സരം വിജയിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്‌സിന് നേട്ടമാണ്.
കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിലും ഏറ്റവും മികച്ച കളി പുറത്തെടുക്കാനാണ് കോച്ച് ഡേവിഡ് ജയിംസ് താരങ്ങളെ ഒരുക്കിയിരിക്കുന്നത്. അന്തിമ ഇലവനെ കുറിച്ച് സൂചനകളൊന്നും പുറത്തുവിട്ടില്ലെങ്കിലും ടീം സെലക്ഷന്റെ മാനദണ്ഡം പ്രായമല്ലെന്ന കാര്യം ബ്ലാസ്റ്റേർസ് കോച്ച് വീണ്ടും ആവർത്തിച്ചു.
ആദ്യ മത്സരത്തിലെ പോരാട്ടത്തിൽ തികഞ്ഞ സംതൃപ്തിയിലാണ് ഡേവിഡ് ജയിംസ്. അതദ്ദേഹം മറച്ചുവച്ചില്ല. "അത്ലറ്റികോയ്ക്ക് എതിരെ ജയിക്കാനായതിൽ വളരെയധികം സന്തോഷമുണ്ട്. ആ വീഡിയോ ഞാൻ വീണ്ടും വീണ്ടും കണ്ടു. വിനീതിനടക്കം ഗോളടിക്കാനുളള അവസരങ്ങൾ ലഭിച്ചു. അവസരങ്ങൾ ലഭിച്ചത് തന്നെ നേട്ടമാണ്," കൊച്ചിയിൽ അദ്ദേഹം പറഞ്ഞു.
ടീമിലെ യുവതാരങ്ങളുടെ ശേഷിയിലും കോച്ചിന് മികച്ച അഭിപ്രായമാണ്. മലയാളി താരം സഹലിനെ പ്രകീർത്തിച്ചാണ് അദ്ദേഹം സംസാരിച്ചത്.
"സഹലിനെ ടീമിൽ കളിപ്പിച്ചത് മാജിക്കല്ല. കഴിഞ്ഞ സീസൺ മുതൽ സഹൽ ടീമിനൊപ്പം ഉണ്ട്. അദ്ദേഹം ഒരുപാട് മെച്ചപ്പെട്ടു. പ്രീ സീസൺ മത്സരത്തിൽ സഹലിന്റെ പ്രകടനം മികച്ചതായിരുന്നു. അതിനാലാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. കഴിഞ്ഞ സീസണിനേക്കാൾ മികച്ച രീതിയിൽ ഈ സീസണിൽ അദ്ദേഹം കളിച്ചു," കോച്ച് പറഞ്ഞു.
"സഹൽ നല്ല കളിക്കാരനാണ്. അദ്ദേഹത്തിൽ നിന്ന് ഇതിലും മികച്ച കളി പുറത്തുവരാനുണ്ട്. അവസരം ലഭിക്കുമ്പോൾ മികച്ച കളി പുറത്തെടുക്കാൻ സാധിക്കണം. പ്രായമല്ല ഒരു ടീം സെലക്ഷന്റെയും മാനദണ്ഡം. പരിശീലനവും കളിമികവുമാണ് അതിലെ മാനദണ്ഡം," അദ്ദേഹം പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2018/10/Blasters-Training-Sahal-Prashanth-Vineeth.jpg)
"എടികെയ്ക്ക് എതിരായ മത്സരത്തിൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തി. ആ സ്ഥാനം നിലനിർത്തേണ്ടത് സഹലാണ്. നല്ല തുടക്കമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന്. കളി ജയിപ്പിക്കാൻ ശേഷിയുളള താരം 90 മിനിറ്റും കളിക്കേണ്ടതില്ല. അവർ ഗോളടിച്ചെന്നും വരില്ല. മത്സരത്തിൽ ഒരു പോസിറ്റീവ് സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്നത് തന്നെ നേട്ടമാണ്," ജയിംസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.