കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീതിന് പിന്തുണയുമായി സഹതാരവും മലയാളിയുമായ അനസ് എടത്തൊടിക. സികെ വിനീത് ആരാധകരോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നും വാര്‍ത്തകളില്‍ പ്രചരിക്കുന്ന പോലെ ഒരിക്കലും സംസാരിക്കില്ലെന്നും അനസ് വ്യക്തമാക്കി.

‘ആരാധകരമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീത്. പറയാനുള്ള കാര്യങ്ങള്‍ വിനീത് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പത്രസമ്മേളനത്തില്‍ പറയാത്ത കാര്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ടായി വന്നു എന്നറിയില്ല.’ വിനീത് ഒരിക്കലും അങ്ങനെ പറയില്ലെന്നും അനസ് വ്യക്തമാക്കി.

നേരത്തെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.കെ വിനീത് രംഗത്തെത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ യഥാര്‍ഥ ഫുട്ബോള്‍ ആരാധകരല്ല. യഥാര്‍ഥ ആരാധകര്‍ ടീമിന്റെ ജയത്തിലും തോല്‍വിയിലും ഒരുപോലെ പിന്തുണക്കുന്നവരാകും. ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമെന്നും വിനീത് പറഞ്ഞതായായിരുന്നു വാര്‍ത്ത. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

കൊച്ചിയില്‍ ബെംഗളുരു എഫ്സിക്കെതിരായ മത്സരത്തിനുശേഷം വിനീതിനെ അസഭ്യം പറഞ്ഞും കൂവിവിളിച്ചുമാണ് ആരാധകര്‍ യാത്രയാക്കിയത്. ഈ സാഹചര്യത്തിലായിരുന്നു വിനീതിന്റെ പ്രതികരണമെന്നായിരുന്നു റിപ്പോര്‍ട്ട്.

”യഥാര്‍ഥ ആരാധകര്‍ ഒരു ടീമിന്റെ ജയത്തിലും തോല്‍വിയിലും ഒരുപോലെ കൂടെനില്‍ക്കുന്നവരായിരിക്കും. ഞാനൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്‍ ആണ്. അവര്‍ ഏറ്റവും മോശമായി കളിക്കുമ്പോള്‍ പോലും ഞാന്‍ ടീമിനെ പിന്തുണക്കും. പക്ഷേ ഇവിടുത്തെ ആരാധകര്‍ അധിക്ഷേപിക്കുന്നു, അസഭ്യം വിളിക്കുന്നു, എല്ലാത്തിനും എന്നെ കുറ്റപ്പെടുത്തുന്നു” എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന അഭിപ്രായവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് അനസ് വിനീതിന് പിന്തുണയുമായെത്തിയത്. സംഭവത്തില്‍ വിനീത് പ്രതികരിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ