ISL: Kerala Blasters vs NorthEast United: അപരാജിതമായ പത്ത് മത്സരങ്ങള്‍ക്ക് ശേഷം ബംഗലൂരിവിനോട് തോല്‍വി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയത്തിലെത്തിയത്.
ഗോൾ രഹിതമായി അവസാനിച്ച ആദ്യപകുതിക്ക് ശേഷം 62ാം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടിജോർജെ പെരേയ്ര ഡയസ് ആദ്യ ഗോൾ നേടിയത്. 70ാം മിനുറ്റിൽ ആയുഷ് അധികാരി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ തുടർന്നുള്ള മത്സരം 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സ് 82ാം മിനുറ്റിൽ രണ്ടാം ഗോൾ നേടി.
ആൽവരോ വാസ്കസാണ് നെടുനീളൻ ഷോട്ട് നോർത്ത് ഈസ്റ്റിന്റെ വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തിയത്. 90ാം മിനുറ്റ് വരെ ഗോളൊന്നും നേടാതിരുന്ന നോർത്ത് ഈസ്റ്റിന് വേണ്ടി ഇഞ്ചുറി ടൈമിന്റെ ആറാം മിനുറ്റിൽ മുഹമ്മദ് ഇർഷാദ് ആശ്വാസ ഗോൾ നേടി.
ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയിൽ ജംഷധ്പൂരിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 13 മത്സരങ്ങളിൽ നിന്ന് ആറ് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 23 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാമത്.
പോയിന്റ് നിലയിൽ ഏറ്റവും പിറകിലാണ് നോർത്ത് ഈസ്റ്റ്. 16 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും നാല് സമനിലയും 10 തോൽവിയുമായി 10 പോയിന്റാണ് 11ാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിന്.