നിര്‍ണായക മത്സരം, അതിലേറെ സമ്മര്‍ദ്ദം. പക്ഷെ ഇതിനൊന്നും കേരള ബ്ലാസ്റ്റേഴ്സിനെ തളര്‍ത്താനായില്ല. മുംബൈ സിറ്റിക്കെതിരെ ഉജ്വല ജയവുമായി സെമി സാധ്യതകള്‍ മഞ്ഞപ്പട നിലനിര്‍ത്തി. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു വിജയം. ആല്‍വാരൊ വാസ്ക്വസ് ഇരട്ടഗോളുമായി തിളങ്ങി. സഹല്‍ അബ്ദുള്‍ സമദാണ് മറ്റൊരു സ്കോറര്‍.
തുടക്കം മുതല്‍ ഗോളിനായുള്ള പോരാട്ടമായിരുന്നു ഇരുടീമുകളും മൈതാനത്ത് കാഴ്ച വച്ചത്. പെരേര ഡയാസ് ബ്ലാസ്റ്റേഴ്സിനായും ഇഗോള്‍ അംഗൂളൊ മുംബൈക്കായും ശ്രമങ്ങള്‍ നടത്തി. എന്നാല്‍ 19-ാം മിനുറ്റില്‍ സഹലിന്റെ ബൂട്ടുകള്‍ ലക്ഷ്യം കണ്ടു. മുംബൈ പ്രതിരോധ താരങ്ങളെ അനായാസം മറികടന്നുള്ള ഷോട്ട് വലയുടെ വലത് മൂലയില്‍ പതിച്ചു.
പിന്നീട് കൂടുതല്‍ ഉണര്‍ന്ന ബ്ലാസ്റ്റേഴ്സിനെയായിരുന്നു കണ്ടത്. വാസ്ക്വസും സഹലും ചേര്‍ന്നുള്ള മുന്നേറ്റങ്ങള്‍. 30-40 മിനിറ്റുകളില്‍ മുംബൈയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. കേരളത്തിന്റെ പ്രതിരോധ നിര കാണികളുടെ റോളേറ്റെടുത്ത നിമിഷം വരെ പിറന്നു. പക്ഷെ മുംബൈക്ക് അവസരങ്ങള്‍ മുതലെടുക്കാനായില്ല.
എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷം ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. പെനാലിറ്റിയിലൂടെയായിരുന്നു ഗോള്‍. പന്തുമായി ബോക്സിലേക്ക് മുന്നേറിയ വാസ്ക്വസിനെ തടയാന്‍ ഫാള്‍ ശ്രമിച്ചു. ഫാളിന്റെ നീക്കം പിഴക്കുകയും വാസ്ക്വസ് വീഴുകയും ചെയ്തു. പെനാലിറ്റി ലക്ഷ്യത്തിലാക്കി വാസ്ക്വസ് ടീമിന്റെ വിജയപ്രതീക്ഷകള്‍ സജീവമാക്കി.
രണ്ടാം പകുതിയില്‍ തിരിച്ചു വരവിനുള്ള പോരാട്ടമായിരുന്നു മുംബൈ കാഴ്ചവച്ചത്. എന്നാല്‍ 60-ാം മിനുറ്റില്‍ മുംബൈ ഗോളി നവാസിന്റെ പിഴവ് മുതലെടുത്ത് വാസ്ക്വസ് ഗോള്‍ കണ്ടെത്തി. മൂന്നാം ഗോള്‍ വീണതിന് പിന്നാലെ ഡിയഗോ മൗറിഷ്യൊയെ മുംബൈ കളത്തിലെത്തിച്ചു. 71-ാം മിനുറ്റില്‍ പെനാലിറ്റിയിലൂടെ താരം മുംബൈക്കായി ഒരു ഗോള്‍ മടക്കി.
ജയത്തോടെ 19 കളികളില്‍ നിന്ന് 33 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ നാലാമതെത്തി. 31 പോയിന്റുള്ള മുംബൈ അഞ്ചാമതാണ്. ഞായറാഴ്ച ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഗോവയേയും കീഴടക്കാനായാല്‍ മഞ്ഞപ്പടയ്ക്ക് സെമി ഉറപ്പിക്കാം. അല്ലെങ്കില്‍ അടുത്ത മത്സരത്തില്‍ മുംബൈ ഹൈദരാബാദിനോട് പരാജയപ്പെടുകയോ സമനില വഴങ്ങുകയോ ചെയ്യണം.
Also Read: ടെസ്റ്റ് ക്രിക്കറ്റിലെ 100-ാം മത്സരത്തിന് കോഹ്ലി; കരിയറിലെ സുപ്രധാന നിമിഷങ്ങളിലൂടെ