ഫുട്ബോൾ മത്സരത്തിൽ താരങ്ങൾക്കും മുകളിലാണ് പരിശീലകന്റെ സ്ഥാനം. മൈതാനത്ത് പന്ത് തട്ടുന്ന പതിനൊന്ന് താരങ്ങളുടെയും തലച്ചോറ് പരീശീലകൻ തയ്യാറാക്കിയതാണ്. അതുകൊണ്ട് തന്നെ തങ്ങളെ പരിശീലിപ്പിച്ച ഒരു കോച്ചിനെയും ഫുട്ബോൾ താരങ്ങൾ മറക്കില്ല. അത്തരത്തിലൊരു സ്നേഹസംഗമത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച സ്റ്റീവ് കോപ്പലിന്റെ തിരിച്ചുവരവാണ് വൈകാരിക നിമിഷങ്ങൾക്ക് വഴിവെച്ചത്.

താരങ്ങൾ വരുന്ന വാഹനത്തിൽ നിന്ന് സ്റ്റീവ് കോപ്പൽ പുറത്തിറങ്ങിയത് മുതൽ മഞ്ഞപ്പട ആർത്തുവിളിച്ചു. സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ സ്റ്റീവ് കോപ്പലിനെ കണ്ടതോടെ ഗാലറി ഇളകി മറിഞ്ഞു. പിന്നീട് മൈതാനം പരിശോധിക്കാൻ സ്റ്റീവ് കോപ്പൽ മൈതാനത്തേക്ക് എത്തിയപ്പോൾ കൊച്ചിയിലെ മഞ്ഞപ്പട തങ്ങളുടെ പഴയ ആശാന് ജയ് വിളിച്ചു.

കോപ്പലാശാനെ കണ്ടതോടെ സി.കെ വിനീത് അദ്ദേഹത്തിന്റെ അടുത്തേക്ക ഓടിയെത്തി. ആശാനെ കെട്ടിപ്പിടിച്ച് വിനീത് കുശലാന്വേഷണം നടത്തി. പിന്നാലെ സന്ദേഷ് ജിംഗാനും റിനോ ആന്റോയും , സന്ദീപ് നന്ദിയും കോപ്പലിന്റെ അടുത്തേക്ക് എത്തി. പഴയ പരിശീലകന്റെ മുൻപിൽ​ താര ജാഡകൾ ഒന്നുമില്ലാതെയാണ് താരങ്ങൾ നിന്നത്. പിന്നീട് എല്ലാവരും ഒന്നിച്ച് ഒരു സെൽഫിയും പാസാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ