ISL 2021-22 Semi-finals: ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ജംഷധ്പൂരിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരിന്റെ ഏഴ് മത്സരങ്ങൾ വിജയിച്ചുകൊണ്ടുള്ള ജൈത്രയാത്രയ്ക്ക് ബ്ലാസ്റ്റേഴ്സ് വിരാമമിട്ടിരിക്കുകയാണ്. ആദ്യ പകുതിയിൽ സഹൽ അബ്ദുൾ സമദ് നേടിയ ഗോളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് വിജയത്തിലെത്തിച്ചത്.
ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ തന്നെ പ്രതിരോധം തീർക്കുകയും 4-4-2 ഫോർമേഷനിൽ ശക്തമായ പ്രതിരോധ നിര കളിക്കുകയും ചെയ്തു. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2022 ഫൈനലിലേക്ക് ഒരു ചുവട് അടുത്തു. ഈ സീസണിൽ കെബിഎഫ്സി ജെഎഫ്സിയെ തോൽപ്പിക്കുന്നത് ഇതാദ്യമാണ്.
നേരത്തെ, ഇരുടീമുകളും തമ്മിലുള്ള ഒമ്പത് മത്സരങ്ങളിൽ ആറെണ്ണം സമനിലയിൽ അവസാനിച്ചിരുന്നു. മൂന്നെണ്ണത്തിൽ ജംഷഡ്പൂർ എഫ്സി മൂന്ന് ജയം നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ, ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കേരളത്തെ 3-0ന് തോൽപ്പിച്ചായിരുന്നു ജെഎഫ്സി ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയത്.