scorecardresearch
Latest News

ബ്ലാസ്റ്റേഴ്സിന് ഇന്ന് ‘കലാശപ്പോര്’; രണ്ടാം പാദ മത്സരം അല്പസമയത്തിനകം

Kerala Blasters vs Jamshedpur FC: തുടര്‍ച്ചയായ ഏഴ് ജയവും ഒപ്പം ലീഗ് ഷീല്‍ഡും സ്വന്തമാക്കി എത്തിയിട്ടും ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യം മറികടക്കാന്‍ ജംഷധ്പൂരിന് കഴിഞ്ഞിരുന്നില്ല

ബ്ലാസ്റ്റേഴ്സിന് ഇന്ന് ‘കലാശപ്പോര്’; രണ്ടാം പാദ മത്സരം അല്പസമയത്തിനകം
Photo: Facebook/ Kerala Blasters

Kerala Blasters vs Jamshedpur FC: അതിജീവിക്കാന്‍ മുന്നിലുള്ളത് 90 മിനിറ്റുകള്‍, ഒരു സമനില പോലും കലാശപ്പോരിന് ടിക്കറ്റ് നല്‍കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എട്ടാം പതിപ്പിലെ രണ്ടാം പാദ സെമിയില്‍ അല്പസമയത്തിനകം കേരള ബ്ലാസ്റ്റേഴ്സ് ജംഷധ്പൂര്‍ എഫ് സിയെ നേരിടും. ആദ്യ പാദത്തില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ ഏക ഗോളില്‍ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു.

തുടര്‍ച്ചയായ ഏഴ് ജയവും ഒപ്പം ലീഗ് ഷീല്‍ഡും സ്വന്തമാക്കി എത്തിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യം മറികടക്കാന്‍ ജംഷധ്പൂരിന് കഴിഞ്ഞിരുന്നില്ല. ഇരു ടീമുകളും ബലാബലം മത്സരിച്ച ആദ്യ പാദത്തില്‍ നേരിയ മേല്‍ക്കൈ ജംഷധ്പൂരിന് ഉണ്ടായിരുന്നു. പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മുഖത്തേക്ക് തൊടുത്ത ഷോട്ടുകള്‍ ലക്ഷ്യം തെറ്റിയതാണ് ടീമിന് തിരിച്ചടിയായത്.

ഷീല്‍ഡ് ഉറപ്പിക്കാനായി എടികെ മോഹന്‍ ബഗാനെതിരായി സ്വീകരിച്ച സമീപനമായിരിക്കും ബ്ലാസ്റ്റേഴ്സിനോടെന്ന് ജംഷധ്പൂരിന്റെ പരിശീലകന്‍ ഓവന്‍ കോയ്ലെ പറഞ്ഞുകഴിഞ്ഞു. “എതിരാളികളെ ബഹുമാനിക്കുന്നു, അവരുടെ മികവ് ഞങ്ങള്‍ക്കറിയാം. ആദ്യ പാദത്തിലെ തോല്‍വി വേദനിപ്പിച്ചു. പകരമായി ഫൈനലിലേക്ക് കുതിക്കണം,” കൊയ്ലെ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് എന്നത്തേയും പോലെ കൂള്‍ ആയിരുന്നു. “അവസാന മത്സരത്തിലെ ജയം പരിഗണിക്കുന്നില്ല, അത് ഉറപ്പ് നല്‍കുന്ന ഒന്നല്ല. പുതിയ ഒരു മത്സരമായിരിക്കും രണ്ടാം പാദത്തിലേത്. കഴിഞ്ഞ മത്സരത്തിനേക്കാള്‍ കഠിനമായിരിക്കും രണ്ടാം പാദം,” വുകുമനോവിച്ച് വ്യക്തമാക്കി.

സഹലിന്റേയും നായകന്‍ അഡ്രിയാന്‍ ലൂണയുടേയും ഫോമാണ് കേരളത്തിന് ഏറ്റവും അനുകൂലമായി നില്‍ക്കുന്ന ഘടകം. ഒരു ഐഎസ്എല്‍ സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സഹല്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതുവരെ ആറ് ഗോളുകളാണ് നടപ്പ് സീസണില്‍ സഹല്‍ നേടിയിട്ടുള്ളത്.

ഗോളടിച്ചും അടിപ്പിച്ചും സീസണിലുടനീളം ലൂണ കേരളത്തിന്റെ രക്ഷകനായിട്ടുണ്ട്. സെറ്റ് പീസുകള്‍ അനായാസം ലക്ഷ്യത്തിലെത്തിക്കാനുള്ള ലൂണയുടെ മികവ് എതിര്‍ ടീം ഭയപ്പെടുന്ന ഒന്നാണ്. പെരേര ഡയാസും ആല്‍വാരൊ വാസ്ക്വസും ചേരുന്ന മുന്നേറ്റ നിര ഇതുവരെ 16 തവണ എതിര്‍ ടീമിന്റെ ഗോള്‍ വല കുലുക്കി.

പ്രതിരോധത്തിലേക്കെത്തിയാല്‍ മഞ്ഞപ്പടയുടെ കരുത്ത് 21 കാരനായ റൂയിവാ ഹോര്‍മിപാമാണ്. മാര്‍ക്കൊ ലെസ്കോവിച്ചിനൊപ്പം ചെര്‍ന്ന് മിന്നും പ്രകടനമായിരുന്നു താരം ആദ്യ പാദത്തില്‍ പുറത്തെടുത്തത്. ജംഷധ്പൂരിന്റെ ചീമ ചുക്വുവിനേയും ഗ്രൈഗ് സ്റ്റുവേര്‍ട്ടിനേയും തടയുക എന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

ആദ്യ പാദത്തില്‍ ചുക്വു നിരവധി അവസരങ്ങള്‍ പാഴാക്കിയിരുന്നു. തന്റെ പിഴവുകള്‍ തിരുത്തുക എന്ന ലക്ഷ്യവും രണ്ടാം പാദത്തിലിറങ്ങുന്ന ചുക്വുവിന് ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. പന്ത് വരുതിയിലാക്കി ശരീരം കൊണ്ടും ബുദ്ധി കൊണ്ടും എതിരാളികളെ വീഴ്ത്തുന്ന തന്ത്രം ജംഷധ്പൂര്‍ ആവര്‍ത്തിക്കുമോ എന്ന കണ്ടറിയാം.

When will the ISL 2021/22 match between Kerala Blasters vs Jamshedpur FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും ജംഷധ്പൂര്‍ എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.

Where will the ISL 2021/22 match between Kerala Blasters vs Jamshedpur FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Jamshedpur FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Jamshedpur FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: സഹലിന്റെ ‘ഒരടി’യില്‍ ജംഷധ്പൂര്‍ വീണു; 90 മിനിറ്റിനപ്പുറം ഫൈനല്‍

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl kerala blasters vs jamshedpur fc second leg preview when and where to watch