scorecardresearch

ജംഷധ്പൂരിന്റെ കുതിപ്പ് തടയാന്‍ മഞ്ഞപ്പട, തീപാറും! ആദ്യ പാദ സെമി അല്പസമയത്തിനകം

അവസാന വിസില്‍ വരെയുള്ള പോരാട്ട വീര്യം, വ്യക്തിഗത മികവ്, പ്രതിരോധകോട്ട, എല്ലാത്തിനും ഉപരിയായി ഒത്തൊരുമായാണ് ബ്ലാസ്റ്റേഴ്സിന്റെ മെയിന്‍ ഘടകം

ജംഷധ്പൂരിന്റെ കുതിപ്പ് തടയാന്‍ മഞ്ഞപ്പട, തീപാറും! ആദ്യ പാദ സെമി അല്പസമയത്തിനകം
Photo: Facebook/ Kerala Blasters

ഐഎസ്എല്‍ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷധ്പൂര്‍ എഫ് സിയെ നേരിടും. അവസാന ഏഴ് മത്സരങ്ങളില്‍ തോല്‍വിയറിയാതെ എത്തിയ ജംഷധ്പൂര്‍ ഉജ്വലഫോമിലാണ്. മറുവശത്ത് പോരാടി നേടിയ നാലാം സ്ഥാനത്തിന്റെ ആത്മവിശ്വാസം മഞ്ഞപ്പടയ്ക്കുണ്ടാകും.

ക്ലാസ് തിരിച്ചുവരവ്

2016 ന് ശേഷം എത്ര സീസണുകള്‍, ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട ഡസന്‍ കണക്കിന് തോല്‍വികള്‍. പോയ സീസണില്‍ 11 ടീമുകള്‍ മത്സരിച്ചപ്പോള്‍ എത്തിയത് പത്താം സ്ഥാനത്ത്. എന്നാല്‍ ഇവാന്‍ വുകുമനോവിച്ച് എന്ന പരിശീലകന്‍ ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ കാലുകുത്തിയതിന് ശേഷം എല്ലാം മാറിമറിഞ്ഞു.

ആദ്യ മത്സരം തോറ്റുതുടങ്ങിയപ്പോള്‍ ആവര്‍ത്തനമെന്ന് തോന്നി. പിന്നീട് രണ്ട് മത്സരങ്ങള്‍ സമനിലയില്‍. നാലാം അങ്കത്തില്‍ ഒഡീഷയെ തോല്‍പ്പിച്ച് തുടങ്ങി തേരോട്ടം. ടീം സജ്ജമായപ്പോള്‍ മത്സരഫലങ്ങളിലും അത് പ്രതിഫലിച്ചു. സീസണ്‍ പകുതിയെത്തിയപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം. ഒടുവില്‍ ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ച് സെമിയിലേക്ക് കുതിച്ചു.

ഏതൊരു ബ്ലാസ്റ്റേഴ്സ് ഫാനും കൊതിക്കുന്ന ഒരു ടീമിനെ പടുത്തുയര്‍ത്താന്‍ വുകുമനോവിച്ചിനായി. അവസാന വിസില്‍ വരെയുള്ള പോരാട്ട വീര്യം, വ്യക്തിഗത മികവ്, പ്രതിരോധകോട്ട, എല്ലാത്തിനും ഉപരിയായി ഒത്തൊരുമായാണ് ടീമിന്റെ മെയിന്‍ ഘടകം. മുന്നിലുള്ള മത്സരങ്ങളുടെ അമിതഭാരമില്ലാതെയിറങ്ങുന്ന ടീം, അതാണ് ബ്ലാസ്റ്റേഴ്സ്.

സഹല്‍ ലൂണ എഫക്ട്

മുന്‍നിരയിലെ കാളക്കൂറ്റന്മാരാണ് ആല്‍വാരൊ വാസ്ക്വസും പെരേര ഡയാസും. ഇവരുടെ യാത്ര സുഖകരമാക്കുന്നതാവട്ടെ അഡ്രിയാന്‍ ലൂണയും മലയാളി താരം സഹല്‍ അബ്ദുള്‍ സമദും. ഇരുവരുടേയും മികവായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് വളമായത്. മാന്ത്രീക നീക്കങ്ങളിലൂടെ ഗോളടിക്കുന്ന സഹല്‍, സെറ്റ് പീസുകള്‍ അനായാസം ലക്ഷ്യത്തിലെത്തിക്കുന്ന ലൂണ, മധ്യനിരയില്‍ ഏത് ടീമും ആഗ്രഹിക്കും ഇങ്ങനെ രണ്ട് താരങ്ങളെ.

സീസണില്‍ ഇരുവരും അഞ്ച് ഗോളുകള്‍ വീതം നേടി. ലൂണ ഏഴ് അസിസ്റ്റ് നല്‍കിയിട്ടുണ്ട്. ഇരുവരേയും തളയ്ക്കാനായാല്‍ ജംഷധ്പൂരിന് കാര്യങ്ങള്‍ ഒരുപക്ഷെ എളുപ്പമായേക്കും. ഡയാസും വാസ്ക്വസും ഏത് അവസരവും മുതലെടുക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇരുതാരങ്ങളും ചേര്‍ന്ന് 16 തവണയാണ് എതിര്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. പ്രതിരോധത്തില്‍ പിഴവുകള്‍ വരുത്താതെയും നോക്കണം ജംഷധ്പൂര്‍.

അപ്പുറത്തുമുണ്ടൊരാള്‍

ഗ്രെഗ് സ്റ്റുവര്‍ട്ട്, സീസണില്‍ 11 ഗോളുകള്‍, 10 അസിസ്റ്റുകള്‍. ഐഎസ്എല്‍ ചരിത്രത്തില്‍ ഗോളിലും അസിസ്റ്റിലും രണ്ടക്കം കടക്കുന്ന രണ്ടാമത്തെ താരം. ഹ്യൂഗൊ ബാവുമസിന് സമാനമാണ് താരത്തിന്റെ മികവ്. അനായസം ഡ്രിബിള്‍ ചെയ്യാനുള്ള പാഠവം, താളം കണ്ടെത്തിക്കഴിഞ്ഞാല്‍ താരത്തിനെ പിടിച്ചുകെട്ടുക എളുപ്പമാകില്ല. സീസണില്‍ ഇതുവരെ 42 ഗോളുകളാണ് ജംഷധ്പൂര്‍ നേടിയത്, ബ്ലാസ്റ്റേഴ്സ് 34 എണ്ണവും. ആക്രമണ ഫുട്ബോളില്‍ ജംഷധ്പൂരിന് മുന്‍കൈ ഉണ്ടെങ്കിലും പ്രതിരോധത്തില്‍ ഇരുവരും സമാനമാണ്. ഏഴ് കളികളില്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ ടീമുകള്‍ക്ക് സാധിച്ചു. ഹൈ പ്രെസിങ് ഗെയിം കളിക്കാനുള്ള മികവ് ഒരുപക്ഷെ ബ്ലാസ്റ്റേഴ്സിന് തുണയാകും.

ചരിത്രം ജംഷധ്പൂരിനൊപ്പം

അവസാനവട്ടം ജംഷധ്പൂരിനെ നേരിട്ടപ്പോള്‍ 3-0 ന്റെ തോല്‍വിയായിരുന്നു ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഇതുവരെ പത്ത് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ മാത്രമാണ് മഞ്ഞപ്പടയ്ക്ക് ജയിക്കാനായത്. ആറ് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. മൂന്നെണ്ണം ജംഷധ്പൂര്‍ സ്വന്തമാക്കുകയും ചെയ്തു. എതിര്‍ ടീമിന്റെ പോരായ്മകള്‍ കണ്ടെത്തിയുള്ള ബുദ്ധിപൂര്‍മായ കളിയാണ് ജംഷധ്പൂരിന്റേത്. അതുകൊണ്ട് തന്നെ ഇത്തവണ അത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കാനായിരിക്കും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

ഹര്‍മന്‍ജോത് ഖബ്ര, റൂയ്വാ ഹോര്‍മിപാം, മാര്‍ക്കൊ ലെസ്കോവിച്ച്, സഞ്ജീവ് സ്റ്റാലിന്‍ എന്നിവരായിരിക്കും പ്രതിരോധ നിരയിലെത്തുക. ജെക്സണ്‍ സിങ്, പ്യൂട്ടിയ എന്നിവര്‍ പിന്നിലായും സഹലും ലൂണയും മുന്നിലായുമായിരിക്കും മധ്യനിര ഒരുങ്ങുക. ആല്‍വാരൊ വാസ്ക്വസ് – പെരേര ഡയാസ് സഖ്യം മുന്നേറ്റനിരയിലും എത്താനാണ് സാധ്യത. പരീക്ഷണങ്ങള്‍ക്ക് വുകുമനോവിച്ച് തയാറാകാനുള്ള സാധ്യതകള്‍ വിരളമാണ്.

When will the ISL 2021/22 match between Kerala Blasters vs Jamshedpur FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും ജംഷധ്പൂര്‍ എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.

Where will the ISL 2021/22 match between Kerala Blasters vs Jamshedpur FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

ഫട്ടോര്‍ഡയിലെ പിജഎന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Jamshedpur FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Jamshedpur FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: ഇഴഞ്ഞു നീങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിര

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl kerala blasters vs jamshedpur fc preview when and where to watch