കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരമായിരുന്നു കെർവൻസ് ബെൽഫോർട്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണ്ണായക പ്രകടനമാണ് ഈ കാപ്പിരി കരുത്ത് കാഴ്ചവെച്ചത്. നാലാം സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ട് നവാഗതരായ ജാംഷഡ്പൂർ​ എഫ്സിക്ക് വേണ്ടിയാണ് ഈ ഹെയ്തി താരം കളിക്കുന്നത്. മഞ്ഞപ്പടയുടെ തട്ടകത്തിലേക്കുള്ള ബെൽഫോർട്ടിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും മികവുറ്റതായിരുന്നു.

മത്സരത്തിന് മുൻപ് മഞ്ഞപ്പടയുടെ സ്നേഹത്തെ വാനോളം പുകഴ്ത്തിയ ബെൽഫോർട്ടിന് മൈതാനത്തും വലിയ സ്വീകരണമാണ് ലഭിച്ചത്. പരിശീലനത്തിനായി മൈതാനത്തേക്ക് എത്തിയ ബെൽഫോർട്ടിനെ കരഘോഷത്തോടെയാണ് കൊച്ചിയിലെ മഞ്ഞക്കടൽ സ്വീകരിച്ചത്. ബ്ലാസ്റ്റേഴ്സ് ബെഞ്ചിനരികിൽ എത്തിയപ്പോൾ സി.കെ വിനീത് ഓടി ബെൽഫോർട്ടിന്റെ ചുമലിൽ കയറി. ഉറ്റചങ്ങാതിയെ കണ്ടതിന്റെ സന്തോഷം വിനീത് മറച്ച്‌വെച്ചില്ല. സ്നേഹത്തിന്രെ ചുംബനം നൽകി വിനീത് ബെൽഫോർട്ടിന്റെ അടുത്ത് നിന്നു.

പിന്നാലെ റിനോയും ബെൽഫോർട്ടിന്റെ അടുത്തേക്ക് ഓടിയെത്തി. ബെൽഫോർട്ടിന്റെ പഴയ സെലിബ്രേഷൻ സ്റ്റൈൽ അനുകരിച്ച് ഇരുവരും ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്തു.

ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് തനിക്ക് നല്‍കാമെന്ന് പറഞ്ഞ കരാര്‍ സ്വീകാര്യമല്ലത്തത് കൊണ്ടാണ് ബെൽഫോർട്ട് ക്ലബ് വിട്ടത്. സ്റ്റീവ് കോപ്പലാണ് തനിക്ക് മികച്ച കരാർ നൽകിയതെന്ന് ബെൽഫോർട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നല്ല ഓഫര്‍ നല്‍കിയാല്‍ താന്‍ മടങ്ങിയെത്തുമെന്നു പറഞ്ഞുകൊണ്ടാണ് കൊച്ചി തനിക്ക് വീട് പോലെയാണെന്ന് ബെല്‍ഫോര്‍ട്ട് തുറന്ന് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ