Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കരുത്തുകാട്ടി കേരള ബ്ലാസ്റ്റേഴ്സ്; കാത്തിരുന്ന കന്നി വിജയം ഹൈദരാബാദിനെതിരെ

മലയാളി താരം അബ്ദുൾ ഹക്കുവും ഓസ്ട്രേലിയൻ താരം ജോർദൻ മുറെയുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തിയത്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. അടിമുടി മാറ്റവുമായി ടീമിനെ ഇറക്കിയ കിബു വിക്കുന അർഹിച്ച വിജയം, അനിവാര്യമായ വിജയം കണ്ടെത്തുകയായിരുന്നു. മലയാളി താരം അബ്ദുൾ ഹക്കുവും ഓസ്ട്രേലിയൻ താരം ജോർദൻ മുറെയുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തിയത്.

അഞ്ച് മാറ്റങ്ങളാണ് ഹൈദരാബാദിനെതിരായ മത്സരത്തിലേക്ക് എത്തുമ്പോൾ കിബു വിക്കുന ടീമിൽ വരുത്തിയത്. മൂന്ന് വിദേശ താരങ്ങളെ മാത്രം ആദ്യ ഇലവനിൽ ഇറക്കിയ കിബു പ്രതിരോധത്തിന്റെ ചുമതല പൂർണമായും ഇന്ത്യൻ താരങ്ങളെ ഏൽപ്പിച്ചു. വിസന്റെ ഗോമസ് ടീമിലുണ്ടായിട്ടും ജെസലിനെ നായകന്റെ ആം ബാൻഡ് അണിയിച്ച് മൈതാനത്തേക്ക് വിടുമ്പോൾ പ്രധാന താരങ്ങളായ ഗ്യാരി ഹൂപ്പർ, കോസ്റ്റ നമൊനെയ്സു, ബക്കാരി കോന എന്നിവരാരും സൈഡ് ബെഞ്ചിൽ പോലുമുണ്ടായില്ല. ഇത് ടീമിലെ ഇന്ത്യൻ താരങ്ങൾക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവുമായെന്ന് അവരുടെ കളിയിൽ നിന്ന് തന്നെ വ്യക്തം.

മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകളും സാവധാനം നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ കിട്ടിയ അവസരങ്ങളിലെല്ലാം എതിർ ഗോൾമുഖം ലക്ഷ്യമാക്കി കുതിക്കാനും ഹൈദരാബാദ്-കേരള താരങ്ങൾ മത്സരിച്ചു. പത്താം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൾ സമദിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാൻ സാധിച്ചില്ല. 21-ാം മിനിറ്റിലായിരുന്നു ഹൈദരാബാദിന് ഗോളെന്നുറപ്പിക്കാവുന്ന തരത്തിൽ ഒരു അവസരം ലഭിച്ചത്. സൂപ്പർ താരം സന്റാനയിലൂടെ മുന്നിലെത്താമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

28-ാം മിനിറ്റിലായിരുന്നു അബ്ദുൾ ഹക്കുവിന്റെ വക ഗോൾ പിറക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച കോർണറിൽ നിന്ന് ഫകുണ്ടോയുടെ കിക്ക് ഹക്കു തകർപ്പൻ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. സീസണിൽ ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ മലപ്പുറത്തുകാരൻ വരവ് ഗംഭീരമാക്കി. കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി താരം നേടുന്ന ആദ്യ ഗോൾ കൂടിയാണിത്.

ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ഹൈദരാബാദിനെ ആത്മവിശ്വാസംകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ തളച്ചു. 44-ാം മിനിറ്റിൽ ഒപ്പമെത്താൻ ഒരു മികച്ച അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ മുന്നിൽ. ഈ ലീഡാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന് കരുത്തായത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വിസന്റെ ഗോമസിന്റെ ഷോട്ടിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന് മുന്നറിയിപ്പ് നൽകി. സുബ്രതോപോളിന്റെ സേവാണ് അപകടം ഒഴിവാക്കിയത്. 57-ാം മിനിറ്റിൽ ഒരു ലോങ്റേഞ്ചിലൂടെ കെ.പി രാഹുലും ഹൈദരാബാദിനെ വിരട്ടി. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ ഹൈദരാബാദ് ശരിക്കും നിസഹായരായ അവസ്ഥയായിരുന്നു.

എന്നാൽ സാവധാനം പ്രതിരോധത്തിലേക്ക് വലിഞ്ഞ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒപ്പം പിടിക്കാനായി ഹൈദരാബാദിന്റെ ശ്രമം. അടുത്ത കുറച്ച് സമയം ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് നിരന്തരം അപകടമുണ്ടാക്കാൻ ഹൈദരാബാദിന് കഴിഞ്ഞു. 79-ാം മിനിറ്റിൽ ഹാളിചരന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തുപോവുകയായിരുന്നു.

അതേസമയം 87-ാം മിനിറ്റിൽ വിജയമുറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വക രണ്ടാം ഗോളും പിറന്നു. ഇത്തവണ ജോർദൻ മുറെയാണ് ഹൈദരാബാദ് വല ചലിപ്പിച്ചത്. ബോക്‌സിനകത്ത് രാഹുലിന്റെ പാസിൽ നിന്നും പന്ത് ലഭിച്ച മുറെ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ഹൈദരാബാദ് തകര്‍ന്നു. താരത്തിന്റെ ഈ സീസണിലെ രണ്ടാം ഗോളാണിത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl kerala blasters vs hyderabad fc kbfc vs hfc score card match result

Next Story
ദശകത്തിലെ ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ച് ഐസിസി; നായകൻ ധോണി, ടെസ്റ്റ് ടീമിനെ കോഹ്‌ലി നയിക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express