ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും സമനിലയിൽ. ഓരോ ഗോളാണ് ഇരു ടീമും നേടിയത്. ആദ്യ പകുതിയിൽ 10ാം മിനുറ്റിൽ തന്നെ ഫത്ഖുലോ ഫത്ഖുലോയേവിന്റെ ഗോളിൽ ചെന്നൈയിൻ ആദ്യ ലീഡ് നേടി. 29ാം മിനുറ്റിൽ ഗാരി ഹൂപ്പർ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും സ്കോർ ചെയ്യാനായില്ല. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം സമനിലയാണിത്.

കളിച്ച 19 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും എട്ട് വീതം സമനിലയും തോൽവിയുമായി 17 പോയിന്റോടെ പോയിന്റ് നിലയിൽ 10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒൻപത് പോയിന്റുള്ള ഒഡീഷ മാത്രമാണ് പോയിന്റ് നിലയിൽ ബ്ലാസ്റ്റേഴ്സിന് പിറകിലുള്ളത്. പോയിന്റ് നിലയിൽ എട്ടാമതാണ് ചെന്നൈയിൻ. സീസണിലെ 20 മത്സരങ്ങളും പൂർത്തിയാക്കിയ ചെന്നൈയിന് മൂന്ന് ജയവും 11 സമനിലയും ആറ് തോൽവിയുമായി 20 പോയിന്റ് നേടാനായി. വെള്ളിയാഴ്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരമാണ് നോർത്ത് ഈസ്റ്റിനെതിരേ നടക്കാനിരിക്കുന്നത്.

അതേസമയം, ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ എഫ്സി ഗോവ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. 20ാം മിനുറ്റിൽ ഇഗോർ ആംഗുലോവും 23ാം മിനുറ്റിൽ റെഡീം ത്ലാങും നോർത്ത് ഈസ്റ്റിനു വേണ്ടി സ്കോർ ചെയ്തു. 33ാം മിനുറ്റിൽ സുരേഷ് സിങ് വാങ്ജം ബെംഗലൂരുവിന്റെ ആശ്വാസ ഗോൾ നേടി.

ചെന്നൈയിനെതിരായ മത്സരത്തിൽ നാലു മാറ്റങ്ങളുമായാണ് ഇടക്കാല പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ബ്ലാസ്റ്റേൻഴ്സ് ടീമിനെ വിന്യസിച്ചത്. നായകന്‍ ജെസെല്‍ കെര്‍ണെയ്‌റോയും ലാല്‍റുവത്താരയും പ്രതിരോധ നിരയില്‍ തിരിച്ചെത്തി. ബകാരി കോനെ, കോസ്റ്റ നമിയോന്‍സു, എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍. മധ്യനിരയിലായിരുന്നു മറ്റു രണ്ടു മാറ്റങ്ങള്‍. പ്രശാന്ത്.കെ, വിസെന്റ ഗോമെസ് എന്നിവര്‍ക്കൊപ്പം രാഹുല്‍ കെ.പിയും ജീക്‌സണ്‍ സിങും വന്നു. മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറും ജോര്‍ദാന്‍ മറെയും തന്നെ തുടർന്നു. ആല്‍ബിനോ ഗോമെസ് ഗോളിയായി.

വിശാല്‍ കെയ്ത്തായിരുന്നു ചെന്നൈയിന്‍ ഗോളി. ദീപക് ടാന്‍ഗ്രി, എനസ് സിപോവിച്, ജെറി ലാലിയന്‍സുവല, എഡ്വിന്‍ വാന്‍സ്‌പോള്‍ എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ലാലിയന്‍സുവല ചാങ്‌തെ, അനിരുദ്ധ് ഥാപ, മാനുവല്‍ ലാന്‍സറോട്ടെ, മെമോ മൗറ എന്നിവര്‍. ഫതുലോ ഫതുലോയേവും യാകൂബ് സില്‍വെസ്റ്ററും ആക്രമണം നയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook