ടൂർണമെന്റിൽ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചെങ്കിലും എട്ടാം സ്ഥാനക്കാരാണെങ്കിലും ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ജയത്തിനായി അത്രത്തോളം ആഗ്രഹിച്ചിരുന്നു. അതിന് നിരവധി കാരണങ്ങളുണ്ട്. ആ കാരണങ്ങൾക്കെല്ലാം വേണ്ടി കൊച്ചിയിൽ ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. രണ്ട് ഗോളുകളുമായി ഒരിക്കൽ കൂടി ബെർത്തലോമ്യോ ഓഗ്‌ബച്ചെ ബ്ലാസ്റ്റേഴ്സിന്റെ വിജയ നായകനുമായി.

ആദ്യ പകുതിയിൽ ആതിഥേയർക്ക് മേൽ സന്ദർശകരുടെ ആധിപത്യമായിരുന്നു. മത്സരത്തിൽ ആദ്യം ഗോൾ കണ്ടെത്തിയതും ബാംഗ്ലൂർ തന്നെ. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനുള്ളിലേക്ക് ഉദാന്ത സിങ് നടത്തിയ മുന്നേറ്റം തലനാരിഴയ്ക്കാണ് മാറി പോകുന്നത്. സെർജിയോ സിഡോഞ്ചയുടെ തിരിച്ചടി ബാംഗ്ലൂർ മികച്ച രീതിയിൽ പ്രതിരോധിക്കുകയും ചെയ്തു. എന്നാൽ 16-ാം മിനിറ്റിൽ ബെംഗളൂരും അക്കൗണ്ട് തുറന്നു. സുരേഷിന്റെ പാസിൽ ജമൈക്കൻ താരം ഡ്വെയ്ൻ ബ്രൗണാണ് ബെംഗളൂരുവിനെ മുന്നിലെത്തിച്ചത്.

Read Also: വിയോജിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത് ജനാധിപത്യവിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഢ്

ആദ്യ ഗോളിന് ശേഷവും ബ്ലാസ്റ്റേഴ്സിന്റെ ഗോൾമുഖത്ത് നിലയുറപ്പിച്ച ബെംഗളൂരു നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം ബെംഗളൂരു പ്രതിരോധ നിരയ്ക്ക് മുന്നിലും തട്ടിനിന്നു. പ്രതിരോധം തകർന്നപ്പോൾ ഗുർപ്രീത് വൻമതിലായി. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് നായകൻ കൃത്യമായി ബെംഗളൂരുവിന്റെ വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ കളിയുടെ വേഗത കൂട്ടിയ ബ്ലാസ്റ്റേഴ്സ് വിജയത്തിനായുള്ള തങ്ങളുടെ ദാഹം ഓരോ മുന്നേറ്റത്തിലും വെളിപ്പെടുത്തി. നിരന്തരം അവസരങ്ങൾ സൃഷ്ടിച്ച ബ്ലാസ്റ്റേഴ്സ് ബെംഗളൂരു ഗോൾമുഖത്ത് നിലയുറപ്പിച്ചു. 72-ാം മിനിറ്റിൽ മെസി ബൗളിയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് ബ്ലാസ്റ്റേഴ്സിന് വിജയമുറപ്പാക്കിയത്. ഓഗ്ബച്ചെയുടെ കിക്ക് ഗുർപ്രീതിനെ കബളിപ്പിച്ച് ബെംഗളൂരു വലയിൽ.

ലീഡെടുത്ത ബ്ലാസ്റ്റേഴ്സ് ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. സീസണിൽ പലപ്പോഴും അവസാന മിനിറ്റിൽ വഴങ്ങിയ ഗോളുകൾക്ക് മത്സരം കൈവിട്ട ബ്ലാസ്റ്റേഴ്സിന്റെ ഈ തന്ത്രം വെറുതെയായില്ല. ബെംഗളൂരുവിന്റെ നീക്കങ്ങൾ ഫലപ്രദമായി നേരിട്ട് ബ്ലാസ്റ്റേഴ്സ് സീസണിലെ നാലം ജയം സ്വന്തമാക്കി.

ഇനി എന്തുകൊണ്ട് ഈ ജയത്തിന് ഇത്ര പ്രാധാന്യമെന്ന് പറയാം. ദി റിയൽ സതേൺ ഡെർബിക്കാണ് കൊച്ചി ഇന്ന് സാക്ഷിയായത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളാണ് ബെംഗളൂരു. ഇരു ടീമുകളുടെയും ആരാധക കൂട്ടം പലപ്പോഴും ഏറ്റുമുട്ടുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഏത് തോൽവിയിലും തകർച്ചയിലും തങ്ങളെ കൈവിടാത്ത ആരാധകർക്കുള്ള സമ്മാനം കൂടിയായിരുന്നു ഈ ജയം.

Read Also: ശശി തരൂരിന്റെ മാനനഷ്‌ടക്കേസ്: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നേരിട്ടു ഹാജരാകണമെന്ന് കോടതി

ഒപ്പം ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് നേടുന്ന ആദ്യം ജയം കൂടിയാണിത്. ഇതിന് മുമ്പ് ഒരിക്കൽ പോലും ബ്ലാസ്റ്റേഴ്സിന് ബെംഗളൂരുവിനെ പരാജയപ്പെടുത്താൻ സാധിച്ചട്ടില്ല. ഇതിലെല്ലാം ഉപരിയായി ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരമായിരുന്നു ഇന്നത്തേത്. ജയത്തോടെ കൊച്ചിയിൽ സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് കാര്യമായ നേട്ടം സ്വന്തമാക്കാനായില്ലെങ്കിലും അവസാന മത്സരവും ജയത്തിൽ തന്നെ അവസാനിപ്പിക്കാനായി എന്ന് ആശ്വസിക്കാം

സസ്‌പെൻഷൻ മൂലം സൂപ്പർ താരങ്ങളായ സുനിൽ ഛേത്രിയും യുവാനുമില്ലാതെയാണ് ബെംഗളൂരു എഫ്സ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങിയത്. മലയാളി താരം മുഹമ്മദ് ആഷിഖ് കുരുണിയനായിരുന്നു ബെംഗളുരു നിരയിലെ ശ്രദ്ധേയ സാനിധ്യം. ബ്ലാസ്റ്റ്ഴ്സ് നിരയിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, മുഹമ്മദ് റാഫി, രാഹുൽ കെ.പി എന്നിവരും കളിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook