കൊച്ചി: വിജയത്തോടെ പുതുവൽസരം ആഘോഷമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഇന്ന് നേർക്ക് നേർ. അയൽക്കാർ തമ്മിലുള്ള പോരാട്ടം സീസണിലെ ഏറ്റവും വാശിയേറിയ മൽസരമാകും എന്ന കണക്കുകൂട്ടലിലാണ് ആരാധകർ. വൈകിട്ട് 5.30ന് ബ്ലാസ്റ്റേഴ്സിന്രെ ഹോംഗ്രൗണ്ടിലാണ് മൽസരം.

അവസാന മൽസരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ പൊരുതി നേടിയ സമനിലയുടെ കരുത്തുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. മലയാളിതാരം സി.കെ.വിനീതിന്റെ ഉജ്ജ്വല ഫോമാണ് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകുന്നത്. എന്നാൽ പരുക്കേറ്റ റിനോ ആന്റോ​ ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയിൽ കളിക്കില്ല. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പർ താരം ബെർബറ്റോവ് കളിക്കുന്ന കാര്യവും സംശയമാണ്. ഗാലറിയിൽ മഞ്ഞക്കടലായി ഒഴുകിയെത്തുന്ന ആരാധകരുടെ മനസ് നിറയ്ക്കുന്ന പുതുവൽസര സമ്മാനം നൽകാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സ്.

അച്ചടക്കത്തോടെയുള്ള കളിതുടരുന്ന ബെംഗളൂരു​ എഫ്സിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ബെംഗളൂരു മികച്ച ആക്രമണ ഫുട്ബോളാണ് കാഴ്ചവയ്ക്കുന്നത്. ബെംഗളൂരു എഫ്സിയെ പിന്തുണച്ച് ആരാധക സംഘമായ വെസ്റ്റ് ബ്ലോക് ബ്ലൂസും കൊച്ചിയിലുണ്ടാകും എന്നതിനാൽ ഗാലറിയിലും ഇത്തവണ പതിവിലേറെ ആവേശം നുരയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook