കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും വലിയ ആരാധക സമ്പത്തുണ്ടായിരുന്ന കേരള ബ്ലാസ്റ്റേർസ് ഫുട്ബോൾ ലോകത്തിന് മുന്നിൽ ഇന്ന് തലകുനിച്ചാണ് നിൽക്കുന്നത്. ആരാധക സമ്പത്തിന്റെ മികവിൽ എന്നും ഫുട്ബോൾ ലോകത്ത് തല ഉയർത്തി നിന്ന ടീമിന് ആരാധകരെ നഷ്ടപ്പെടുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ രണ്ട് ഹോം മത്സരങ്ങളും സാക്ഷിയായത്.

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാണികളെയാണ് ജംഷഡ്‌പൂരിനെതിരായ മത്സരത്തിൽ രേഖപ്പെടുത്തിയത്. അരലക്ഷവും മുക്കാൽ ലക്ഷവും പേർ കളി കാണാനെത്തിയ മൈതാനത്ത് ജംഷഡ്‌പൂരിനെതിരായ ബ്ലാസ്റ്റേർസിന്റെ കളി കാണാൻ എത്തിയത് വെറും 8451 പേരായിരുന്നു.

തുടർ സമനിലകളും തോൽവികളിലും മനം നൊന്ത് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു മഞ്ഞപ്പടയുടെ ആരാധകർ. ഇതേ തുടർന്നാണ് കാണികളുടെ എണ്ണം തീർത്തും കുറഞ്ഞത്. എന്നിട്ടും ബ്ലാസ്റ്റേർസിന് ജംഷഡ്‌പൂരിനെതിരെ വിജയം കൊണ്ടുവരാനായില്ല. ഹോം ഗ്രൗണ്ടിൽ വീണ്ടും സമനില വഴങ്ങിയ ടീമിന് ഇന്നത്തെ മത്സരത്തിൽ പിന്തുണ നൽകാൻ തങ്ങളെത്തുമെന്നാണ് ബ്ലാസ്റ്റേർസ് ഫാൻസ് അറിയിച്ചിരുന്നത്. എന്നാൽ ഭൂരിഭാഗം പേരും അതിന് തയ്യാറായിരുന്നില്ല.

പൂനെ സിറ്റി എഫ്‌സിക്ക് എതിരായ മത്സരം നേരിൽ കാണാൻ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തിയത് വെറും 8659 പേരാണ്. അഞ്ച് സീസണുകളിലെ ബ്ലാസ്റ്റേർസിന്റെ ചരിത്രത്തിൽ ഇത് ഏറ്റവും കുറവ് കാണികളെത്തിയ രണ്ടാമത്തെ ദിവസമാണ്.

അഞ്ച് സീസണിലും ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ടീമിന് സാധിക്കാതിരുന്നതാണ് വലിയ തിരിച്ചടിയുണ്ടാക്കിയത്. അതേസമയം ഗോകുലം എഫ്‌സിയുടെ ഐ ലീഗിലെ പ്രകടനം ഫുട്ബോൾ ആരാധകരിൽ കൂടുതൽ പേരെ ഗോകുലത്തിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചു. ഇരുടീമുകളും സ്വന്തം നാടിന്റെ ടീമായി കരുതുന്നവരാണ് ഇപ്പോഴും കേരളത്തിലെ ഫുട്ബോൾ പ്രേമികൾ. പക്ഷെ മികച്ച പ്രകടനം കാഴ്ചവയ്ക്കാതെ ടീമിനെ ഇനിയും ആരാധകർ കണ്ണടച്ച് പിന്തുണക്കുമെന്ന് കരുതാൻ സാധിക്കാത്ത സ്ഥിതിയിലാണ് മാനേജ്മെന്റ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ