കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. ഗോവയ്ക്ക് എതിരായ വന്‍ തോല്‍വിയില്‍ നിന്നും കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. തന്റെയും ടീമിന്റെയും ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഗോവയ്‌ക്കെതിരേയുള്ളത്. മികച്ച പ്രകടനത്തിനായി ടീമിന് പ്രചോദനം നല്‍കാന്‍ കഴിയാത്തതില്‍ മാപ്പു ചോദിക്കുന്നതായി കഴിഞ്ഞ ദിവസം നായകന്‍ സന്തോഷ് ജിങ്കന്‍ അറിയിച്ചിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ പിന്നോക്കം പോയവരും നവാഗതരുമെല്ലാം ലീഗില്‍ കരുത്തു കാട്ടുമ്പോള്‍ നിലവിലെ ജേതാക്കളും നിലവിലെ ഫൈനലിസ്റ്റുകളും ഒരു ജയം പോലും നേടാനാവാതെ വിയര്‍ക്കുകയാണ്. മല്‍സരിക്കുന്ന പത്ത് ടീമുകളില്‍ രണ്ട് ടീമുകള്‍ക്ക് ഇതേവരെ ഒരു ജയവും നേടാനായിട്ടില്ല. നിലവിലെ ചാംപ്യന്മാരായ എടികെക്കും റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സിനുമാണ് ഒരു ജയം പോലും നേടാന്‍ കഴിയാതെ പോവുന്നത്.

രണ്ടു ടീമുകള്‍ക്കും വിജയിക്കാന്‍ കഴിയുന്നില്ല എന്നതിനോടൊപ്പം തന്നെ ഗോള്‍ നേടുവാനും ഇവര്‍ക്ക് കഴിയുന്നില്ല. ഇതിനകം ഇരുടീമുകളും നേടിയത് കേവലം മൂന്നു ഗോള്‍ വീതമാണ്. അതേസമയം 13 ഗോളുകള്‍ വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. എടികെക്കെതിരെ ഏഴ് ഗോളുകളും ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആറ് ഗോളുകളും.

നിലവിലെ ചാംപ്യന്മാര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. എടികെയേക്കാള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് സ്ഥാനം മുന്നില്‍ എട്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇതിനകം കളിച്ച നാല് മല്‍സരങ്ങളില്‍ ബ്ലാസറ്റേഴ്‌സിന് മൂന്നു തവണയും എടിക്ക് രണ്ടു തവണയും എതിരാളികളുമായി സമനില പങ്കുവച്ചു പിരിയേണ്ടിയും വന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook